ഗാന്ധിനഗർ: വഴിയരികിൽ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി സെയിൽസ്മാൻ മാതൃകയായി. സത്യസന്ധതയ്ക്ക് പ്രതിഫലമായി സെയിൽസ്മാന് ലഭിച്ചത് രണ്ടുലക്ഷം രൂപയും..! ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവം.
സാരി വിൽപന ശാലയിലെ സെയിൽസ്മാനായ ദിലീപ് ഉച്ചഭക്ഷണം കഴിഞ്ഞ് കടയിലേക്ക് മടങ്ങി വരുമ്പോഴാണ് അസ്വാഭാവികമായ രീതിയിൽ ഒരു ബാഗ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ബാഗ് എടുത്ത് തുറന്ന് നോക്കിയപ്പോൾ ദിലീപ് അക്ഷരാർത്ഥത്തിൽ ഞെട്ടി. ബാഗ് നിറയെ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ. ആകെ മൊത്തം പത്തുലക്ഷം രൂപയുടെ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് ദിലീപ് തന്റെ കടയുടമയെ വിവരമറിയിച്ചു. ഉടമയെ കണ്ടെത്തുന്നത് വരെ പണം സൂക്ഷിക്കണമെന്ന് കടയുടമ ദിലീപിനോട് പറയുകയും ചെയ്തു. ശേഷം ദിലീപ് പൊലീസിനെ കാര്യം ധരിപ്പിച്ചു. പ്രദേശത്തെ സി.സി.ടി.വി കാമറകളുടെ സഹായത്തോടെ പൊലീസ് പണത്തിന്റെ ഉടമയെ കണ്ടെത്തുകയും ചെയ്തു. ഒരു ജുവലറി ഉടമയാണ് പണത്തിന്റെ ഉടമയ്ക്കാണ് പണം നഷ്ടമായതെന്നും അദ്ദേഹത്തിന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ ദിലീപ് അദ്ദേഹത്തിന് പണം കൈമാറി. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ച് കിട്ടിയതിൽ സന്തോഷിച്ച് അദ്ദേഹം അതിൽ നിന്ന് ദിലീപിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു. ദിലീപ് തിരികെ നൽകിയ പണം കൊണ്ട് ഉടമ സ്വർണം വാങ്ങുകയും ചെയ്തു. ഹൃദയ് പഛീഗർ എന്ന സ്വർണ വ്യാപാരിയുടെ പക്കൽ നിന്നാണ് സ്വർണം വാങ്ങിയത്. പണം തിരികെ നൽകിയത് ദിലീപാണെന്ന് അറിഞ്ഞ കടയുടമ അദ്ദേഹത്തെ അഭിനന്ദിക്കാൻ തീരുമാനിക്കുകയും ഒരു ലക്ഷം രൂപ ദിലീപിന് സമ്മാനിക്കുകയും ചെയ്തു.