jacinda-ardern

തിരുവനന്തപുരം: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി ജസീന്ത ആർ‌ഡൻ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവൻ’ ആയി കണക്കാക്കുമെന്നാണ് പ്രധാനമന്ത്രി ആർഡൻ പറഞ്ഞത്.

"പ്രധാനമന്ത്രി പെരുമാറിയ രീതി ലോകത്തിന് മാതൃകയാവുകയാണ്. തീവ്രവാദത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും സംവദിച്ച രീതി, തീവ്രവാദിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ രീതി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങൾ എല്ലാം തന്നെ ലോകം ശ്രദ്ധിച്ചു"വെന്ന് തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ന്യൂസിലാണ്ടിൽ ഭീകരവാദി ആക്രമണം ഉണ്ടായതിൽ പിന്നെ അവിടുത്തെ പ്രധാനമന്ത്രി പെരുമാറിയ രീതി ലോകത്തിന് മാതൃകയാവുകയാണ്. തീവ്രവാദത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും സംവദിച്ച രീതി, തീവ്രവാദിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ രീതി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങൾ എല്ലാം തന്നെ ലോകം ശ്രദ്ധിച്ചു.

ഇന്നവർ പാർലിമെന്റിൽ പറഞ്ഞ ഒരു കാര്യം ഉണ്ട്. ആളുകളെ കൊല്ലുന്നതിലൂടെ കൊലയാളി തേടിയ ഒരു കാര്യം കുപ്രസിദ്ധി ആണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അയാളുടെ പേർ അവർ പറയില്ല എന്ന്. ഏറ്റവും ശരിയായതും ലോകം മാതൃകയാക്കേണ്ടതും ആയ ഒരു കാര്യമാണ് ഇത്. ലോകത്ത് പലയിടത്തും ഇരകളുടെ പേര് പറയരുത് എന്ന് നിയമം ഉണ്ടെങ്കിലും പ്രതികളുടെ പേര് എല്ലായിടത്തും പറയും, അവർക്കെങ്ങനെ വലിയ പ്രസിദ്ധി കിട്ടും. വർഷങ്ങൾക്ക് ശേഷം ഈ പ്രസിദ്ധി ഉപയോഗിച്ച് അവർ പുസ്തകം എഴുതുകയും സിനിമയിൽ അഭിനയിക്കുകയും വരെ ചെയ്യും.

അമേരിക്കയിൽ ഒക്കെ ഇപ്പോൾ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നതോടൊപ്പം ഈ കുറ്റകൃത്യത്തെ പറ്റി എഴുതിയോ കഥ മറ്റുള്ളവർക്ക് വിറ്റോ പണം ഉണ്ടാകരുതെന്ന് പോലും വിധിക്കേണ്ടി വരുന്നു. എന്തൊരു കഷ്ടമാണിത്. ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ഉദാഹരണം ലോകം ശ്രദ്ധിക്കുമെന്ന് കരുതാം. ഇന്ത്യയിലും വൻ കുറ്റങ്ങൾ ചെയ്യുന്നവരെ നമുക്ക് പേരില്ലാതാക്കി തമസ്‌കരിക്കാം