news

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ വടകര മണ്ഡസലത്തില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു. മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി തേടാന്‍ ആലോചന. രമേശ് ചെന്നിത്തല കെ.മുരളീധരനുമായി സംസാരിച്ചു. മുരളീധരനെ പരിഗണിക്കുന്നത് ശക്തനായ സ്ഥാനാര്‍ത്ഥി വേണം ചര്‍ച്ചകളില്‍ ധാരണയായതോടെ. നേരത്തെ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു


2. അതിനിടെ, വടകരയില്‍ മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയാകണം എന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. മുല്ലപ്പള്ളി അല്ലെങ്കില്‍ മറ്റൊരു ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്നും ആവശ്യം. മണ്ഡലത്തില്‍ പി ജയരാജന് എതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലീം ലീഗും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിലും മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചു. രാഹുല്‍ ഗാന്ധി വന്നപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണം ആയിരുന്നു. അന്ന് പ്രഖ്യാപിക്കാതിരുന്നത് വലിയ പാകപിഴയെന്നും ഹൈദരാലി ശിഹാബ് തങ്ങള്‍

3. വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസും അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ രക്തസാക്ഷികളെ ഓര്‍ത്ത് എങ്കിലും വടകര മണ്ഡലത്തിലെ മത്സരത്തെ ഗൗരവത്തോടെ കാണണം എന്ന് സംസ്ഥാന സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകര അടക്കം നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. വടകരയില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ആണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വീണ്ടും നേതൃത്വത്തിന് തലവേദനയായത്.

4. കോണ്‍ഗ്രസിലെ സീറ്റ് വിഭജന തര്‍ക്കത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ലമെന്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകും. 2004ലേതു പോലെ ഇടതു പക്ഷത്തിന് വന്‍ മുന്നേറ്റം നടത്താനാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടിയേരി. പ്രതികരണം, വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കം തുറന്ന് പോരിലേക്ക് എത്തിയ സാഹചര്യത്തില്‍

5. മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇരകളെ കണ്ടെത്താത്ത സാഹചര്യത്തില്‍ മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ല. കേസില്‍ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ തന്നെ ആണ് ബോട്ടില്‍ ഇന്ത്യവിട്ടവര്‍ എന്നും സര്‍ക്കാര്‍

6. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസ് ആയിട്ടും എന്തുകൊണ്ട് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറിയില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മുനമ്പം തീരത്ത് നിന്ന് ജനുവരി 12നാണ് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേര്‍ ദയാമാത എന്ന ബോട്ടില്‍ വിദേശത്തേക്ക് കടന്നത്.

7. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസ്. ശക്തരായ നേതാക്കളെ കേരളത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ആക്കണം എന്ന് ആവശ്യം. കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങള്‍ നല്‍കണം എന്നും ആര്‍.എസ്.എസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആണ് ആര്‍.എസ്.എസ് അതൃപതി അറിയിച്ചത്. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് വേണ്ടി സമ്മര്‍ദ്ദം ശക്തം.

8. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ ആണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയത് ദേശീയ നേതൃത്വത്തെ വീണ്ടും കുഴച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകരും രംഗത്ത് എത്തിയതോടെ പട്ടികയില്‍ വീണ്ടും മാറ്റം വരുത്തേണ്ട അവസ്ഥയായിലാണ് നേതൃത്വം.

9. പത്തനംതിട്ടയോ തൃശൂരോ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സുരേന്ദ്രനെ പരിഗണിക്കുന്നത് ആറ്റിങ്ങലില്‍. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ ഉറപ്പിച്ച് കഴിഞ്ഞു. പത്തനംതിട്ട സീറ്റിനായി ആവശ്യം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊല്ലത്തേക്കാണ് പരിഗണിക്കുന്നത്. പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് നിലപാടില്‍ കണ്ണന്താനവും.

10. ആഫ്രിക്കയുടെ തെക്കന്‍ മേഖലകളില്‍ ആഞ്ഞടിച്ച ഇഡായ് ചുഴലിക്കാില്‍ മരണസംഖ്യ 250 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്ക്. മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളിലാണ് ഇഡായ് ചുഴലിക്കാറ്റ് നാശം വിതച്ചത്. പതിനഞ്ച് ലക്ഷത്തില്‍ അധികം പേര്‍ ദുരിതബാധിതര്‍ എന്ന് റിപ്പോര്‍ട്ട്. സിംബാവെയില്‍ മാത്രം 98 പേര്‍ മരിച്ചു. 217 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് മൊസംബിക്കില്‍.

11. മരണസംഖ്യ ആയിരം കടക്കും എന്ന ആശങ്കയുള്ളതായി മൊസാബിക് പ്രസിഡന്റ് ഫിലിപ്പെ ന്യുയിസി. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ട്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്ത് വന്നിട്ടില്ല. റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് ആഞ്ഞടിച്ചത്. മൊസംബിക്കിലെ ബെയ്റ നഗരം പൂര്‍ണ്ണമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ ബെയ്റയിലെ അണക്കെട്ട് തകര്‍ന്നതാണ് നാശനഷ്ടങ്ങള്‍ രൂക്ഷമാക്കിയത്.