k-muraleedharan

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും കെ.മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത രാഷ്ട്രീയ കേരളത്തിൽ ഏറെ ഞെട്ടലുണ്ടാക്കി. സ്ഥാനാർത്ഥി ചർച്ചകൾക്കിടയിൽ എവിടെയും കേൾക്കാത്ത മുരളീധരന്റെ പേര് വടകരയിൽ എങ്ങനെ വന്നുവെന്നാണ് എല്ലാവരുടെയും ചോദ്യം. എൽ.ഡി.എഫിന്റെ ശക്തനായ സ്ഥാനാർത്ഥി പി.ജയരാജനെ നേരിടാൻ അതിലും ശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. എന്നാൽ നിലവിലെ എം.പിയായ മുല്ലപ്പള്ളി ഇല്ലെങ്കിൽ മറ്റാര് മത്സരിക്കുമെന്നായിരുന്നു അടുത്ത ചോദ്യം. അപ്പോഴാണ് കെ.മുരളീധരന്റെ പേര് ഹൈക്കമാൻഡിന് മുന്നിൽ എത്തുന്നത്. മത്സരിക്കാൻ സമ്മതമാണെന്ന് കൂടി അറിയിച്ചതോടെ മുരളീധരന് തന്നെ നറുക്ക് വീഴുകയായിരുന്നു. മുരളീധരന്റെ പേര് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് നിർദ്ദേശിച്ചതെന്നും മുതിർന്ന കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.

മുല്ലപ്പള്ളിയുടെ 'നോ'യിൽ ആദ്യ പ്രതിസന്ധി

വടകരയിൽ സി.പി.എം സ്ഥാനാർത്ഥി പി.ജയരാജന് പറ്റിയ എതിരാളിയെ കണ്ടെത്താനായിരുന്നു കോൺഗ്രസിന്റെ പെടാപ്പാട്. രണ്ട് തവണ വടകരയിൽനിന്ന് മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെത്തന്നെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കോൺഗ്രസിന്റെ പൊതുവികാരം. എന്നാൽ,​ വീണ്ടും മത്സരിക്കാൻ താനില്ലെന്ന് മുല്ലപ്പള്ളി ഉറച്ച നിലപാടെടുത്തതോടെയാണ് കോൺഗ്രസ് വെട്ടിലായത്. സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നതിനാൽ തനിക്ക് ഒരു മണ്ഡലത്തിൽ മാത്രമായി കേന്ദ്രീകരിക്കാൻ കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം. തുടർന്ന് ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്നായിരുന്നു യു.ഡി.എഫ് നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ,​ വൈകിയവേളയിലും അങ്ങനെയൊരാളെ കണ്ടെത്താൻ പാർട്ടിയ്‌ക്കായില്ല.

k-muraleedharan

അവസാന മൂന്ന് പേ‌ർ

ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയാണ് യു.ഡി.എഫ് നേതാക്കൾക്കുള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് പൊതുവായ വിലയിരുത്തൽ. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആർ.എം.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ,​ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ പേരും അവസാനഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. സിറ്റിംഗ് എം.പിയായ മുല്ലപ്പള്ളി തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൈയൊഴിയുകയും ഈ സാഹചര്യത്തിൽ മുല്ലപ്പള്ളി സുധീരനെ ഫോണിൽ വിളിച്ചുവെന്നും സുധീരൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നുമായിരുന്നു സൂചനകൾ. എന്നാൽ ജയരാജന് തക്ക എതിരാളിയ്ക്കായുള്ള അന്വേഷണമാണ് മുല്ലപ്പള്ളിയെ കെ.മുരളീധരനിലെത്തിച്ചതെന്നാണ് വിവരം. മുതിർന്ന നേതാവുൾപ്പെടെ മൂന്നുപേരുടെ ലിസ്റ്റ് ഹൈക്കമാൻഡിനോട് കൈമാറിയിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ,​ ഇത് ആരൊക്കെയാണെന്നോ,​ പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന നേതാവാരാണെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. മുരളീധരൻ ഈ പട്ടികയിൽ ഉണ്ടെന്ന് ആരും കരുതിയുമില്ല.

k-muraleedharan

കെ.മുരളീധരന്റെ വിശ്വസ്‌തന്റെ പേരും പരിഗണിച്ചു

അതേസമയം,​ കെ.പി.സി.സി സെക്രട്ടറി പ്രവീൺകുമാറിന്റെ പേരും അവസാന നിമിഷം വടകരയ്ക്കുവേണ്ടി സജീവമായി ഉയർന്നിരുന്നു. കണ്ണൂർ നാദാപുരം സ്വദേശിയായ പ്രവീൺകുമാർ കെ.മുരളീധരൻ എം.എൽ.എയുടെ വിശ്വസ്‌തനാണ്. എന്നാൽ കോൺഗ്രസുകാർക്ക് പോലും പരിചയമില്ലാത്ത പ്രവീൺകുമാറിനെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചനകൾ പാർട്ടി പ്രവർത്തകരിൽ വൻ പ്രതിഷേധത്തിന് കാരണമായി. പ്രവീൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു പ്രവർത്തകരുടെ നിലപാട്. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് കെ.മുരളീധരന്റെ പേര് നാടകീയമായി പുറത്തുവരുന്നത്. മുരളീധരന്റെ പേര് കേന്ദ്രനേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. വടകരയിൽ മത്സരിക്കാമെന്ന് നേതൃത്വത്തോട് സമ്മതിച്ചിട്ടുണ്ടെന്ന് കെ.മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.