alphons-kannanthanam


ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിലേക്ക് മത്സരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്തെത്തി. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറമാണെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എന്നാൽ പാർട്ടി തന്നോട് മത്സരിക്കാൻ നിർബന്ധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.


തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നാണ് തന്റെ നിലപാട്. നിർബന്ധമാണെങ്കിൽ പത്തനംതിട്ടയിലോ കോട്ടയത്തോ തൃശൂരോ മത്സരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് മൂന്നര വർഷത്തെ രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുത് എന്ന് പാർട്ടിയോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയാണ്,​ കൊല്ലത്ത് മത്സരിക്കാൻ തനിക്കുമേൽ സമ്മർദ്ദമുണ്ടെന്നും അവിടെ ആരെയും പരിചയമില്ലെന്നുമായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.

പത്തനംതിട്ടയിൽ ശ്രീധരൻപിള്ള മത്സരിക്കുമെന്ന് ഉറപ്പായപ്പോൾ കണ്ണന്താനത്തെ എറണാകുളത്തേക്ക് മത്സരിക്കാനായി നിർദേശിച്ചിരുന്നു. എന്നാൽ തന്നെ മറ്റു മണ്ഡലങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

അതേസമയം,​ ശോഭാസുരേന്ദ്രനും,​ എം.ടി രമേശും താല്പര്യമുള്ള മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുഴങ്ങിയിരിക്കുകയാണ് ബി.ജെ.പി.