sabarinathan

റാഫേൽ വിവാദ ഇടപാടിനെ കുറിച്ച് പാർലമെന്റിൽ ആദ്യം ചോദ്യം ഉന്നയിച്ചത് താനാണെന്ന സമ്പത്ത് എം.പിയുടെ അവകാശവാദത്തെ എതിർത്ത് കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരീനാഥൻ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സമ്പത്തിന്റെ വാദത്തെ ശബരീനാഥൻ എതിർത്തത്. 2016 നവംബർ എട്ടിന് ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചത് ആറ്റിങ്ങൽ എം.പിയാണെന്നാണ് അദ്ദേഹം തന്നെ അഭിപ്രായപ്പെടുന്നത്. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്നും 2015 മുതൽക്കേ റാഫേൽ കരാറിനെക്കുറിച്ച്, പ്രത്യേകിച്ച് ഫ്രഞ്ച് സർക്കാരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പല എം.പിമാരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം പറയുകയാണ് ശബരീനാഥൻ.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

"ആറ്റിങ്ങൽ എംപിയും റാഫേൽ അഴിമതിയും"

ഇടതുപക്ഷത്തിന്റെ ആറ്റിങ്ങൽ സ്‌ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കണ്ട ഒരു അവകാശവാദമാണ് "റഫേൽ അഴിമതി" ലോക്സഭയിൽ ആദ്യം ഉന്നയിച്ചത് ആറ്റിങ്ങൽ എംപി യാണെന്ന്. ഈ അവകാശവാദത്തെ പലരും ചോദ്യം ചെയ്തപ്പോൾ LDF ഫേസ്ബുക്കിൽ നൽകിയ മറുപടി ചുവടെ ചേർക്കുന്നു.


" ഇന്ത്യൻ പാർലമെന്റിൽ റാഫേൽ ഇടപാടിനെ പറ്റി ആദ്യം ചോദ്യം ചോദിച്ചത് സമ്പത്ത് എംപി ആണെന്ന് പറഞ്ഞപ്പോൾ ചിലർ തർക്കുത്തരം കൊണ്ട് വന്നിരുന്നു. അവരുടെ അറിവിലേക്കായി പാർലമെന്റ് രേഖ (18/11/2016. ) സമർപ്പിക്കുന്നു"

രേഖകൾ പരിശോധിച്ചപ്പോൾ LDF പറഞ്ഞത് ശരിയാണ്; 2016 നവംബർ 18ന് ബഹുമാനപെട്ട ആറ്റിങ്ങൽ MPയും, ഒരു കോൺഗ്രസ് MPയും, 8 ബിജെപി MPമാരുടെയും ചോദ്യങ്ങൾ ഒന്നിപ്പിച്ചുകൊണ്ട് നക്ഷത്രചിഹ്നമിടാത്ത ചോദ്യം #533 റഫേൽ കരാറിനെക്കുറിച്ചു ഉന്നയിച്ചിട്ടുണ്ട്. പക്ഷേ കൂടുതൽ ആഴത്തിലേക്ക് സഭാരേഖകൾ പരിശോധിച്ചപ്പോൾ ആദ്യമായി റാഫേൽ ഉന്നയിച്ചത് ആറ്റിങ്ങൽ MPയാണെന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മനസ്സിലായത്. 1) 2015 മുതൽക്കേ റഫേൽ കരാറിനെക്കുറിച്ച്, പ്രത്യേകിച്ച് ഫ്രഞ്ച് സർക്കാരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പല എംപിമാരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ------------------------------ - 26 ഫെബ്രുവരി , 2016ന് നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #593 ( ആന്റോ ആന്റണി എം പി യുടെ ചോദ്യം ) - 12 ആഗസ്റ്റ്, 2016 - നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #4562 ഏകദേശം മുപ്പതോളം MPമാർ റാഫേലിലെ കണക്കുകളെ കുറിച്ച് 2015, 2016ൽ ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ തുടർച്ചയായി മാത്രം നവംബർ മാസത്തിൽ ആറ്റിങ്ങൽ MP റാഫേൽ അഴിമതിയെക്കുറിച്ചു ചോദിച്ചപ്പോൾ അതെങ്ങനെ LDF പറഞ്ഞതുപോലെ ഒന്നാമത്തെ ചോദ്യമായി?എന്തിനാണ് ഈ പ്രഹസനം? റാഫേൽ അഴിമതി കൃത്യമായി പാർലമെന്റിലും ജനമനസ്സുകളിലും എത്തിച്ചത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അതിന്റെ ക്രെഡിറ്റ് മറ്റൊരു 'സീനിയർ MP'ക്കുമല്ല.