തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി ഗോദയിൽ ഇറങ്ങി. കുറച്ചൊക്കെ അനിശ്ചിതത്വങ്ങൾ ഉണ്ടായെങ്കിലും ഇടതുസ്ഥാനാർത്ഥികളെ കട്ടയ്‌ക്ക് നേരിടാൻ പറ്റുന്നവരെയാണ് യു.ഡി.എഫും രംഗത്തെത്തിച്ചത്. എന്നാൽ ഈ അവസാന നിമിഷവും ഒരൊറ്റ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ശബരിമല അടക്കം നിരവധി അനുകൂല വിഷയങ്ങൾ ഉണ്ടായിട്ടും കൃത്യമായ സമയത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാത്തതിൽ അണികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ഥാനാർത്ഥികളെച്ചൊല്ലി തർക്കമുണ്ടാകുന്നത് ഗുണകരമാകില്ലെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെയും നിലപാട്. സ്ഥാനാർത്ഥികളെ ആദ്യമേ തന്നെ പ്രഖ്യാപിച്ച് വോട്ടർമാർക്കിടയിൽ അനുകൂല തരംഗം ഉണ്ടാക്കാൻ കഴിയുമായിരുന്ന അവസരം നഷ്‌ടമാക്കിയെന്നും ആർ.എസ്.എസിന് ആക്ഷേപമുണ്ട്.
ശബരിമല വിഷയം കേരളത്തിൽ വൻ കോളിളക്കമുണ്ടാക്കിയതോടെയാണ് തിരിഞ്ഞുനോക്കാൻ ആളില്ലാതിരുന്ന പത്തനംതിട്ട ബി.ജെ.പി നേതാക്കളുടെ കണ്ണിലുടക്കിയത്. പാർട്ടിക്ക് തീരെ സാധ്യതയില്ലാതിരുന്ന പത്തനംതിട്ട ഇത്തവണ തങ്ങളെ തുണയ്‌ക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ പത്തനംതിട്ട സീറ്റിന് വേണ്ടി നേതാക്കന്മാർ തമ്മിലടിക്കുന്നത് ശബരിമല വിഷയത്തിലൂടെ ഉണ്ടാക്കാമായിരുന്ന വോട്ടുകൾ നഷ്‌ടപ്പെടുത്തുമെന്ന് ആർ.എസ്.എസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.അധികാര മോഹികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നേതാക്കൾ നടത്തിയതെന്നും ആക്ഷേപമുണ്ട്.
അതേസമയം,പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ഡലത്തിൽ കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെ തുടർന്ന് ഇന്നലെ മാറ്റിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേരും. സംസ്ഥാനം കൈമാറിയ പട്ടികയിൽ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നൽകിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയിൽ തർക്കമുണ്ടായത്. തൃശൂർ സീറ്റിൽ മത്സരിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു. കണ്ണന്താനത്തെ കൊല്ലത്തും കോൺഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്. തൃശൂർ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകുമെന്നും നേതാക്കൾ പറഞ്ഞു. കോട്ടയം കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാർത്ഥിയാകും. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർ പട്ടികയിലില്ലെന്നാണ് സൂചന.