ബ്ലാക് ഐവറി, ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിപ്പൊടിയുടെ പേര്. കിലോയ്ക്ക് 70,000 രൂപയ്ക്ക് മുകളിൽ വില വരും. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും രുചികരമായ കാപ്പിയാണ് ബ്ലാക് ഐവറി എന്നാണ് ഇത് കുടിച്ചവരുടെ സാക്ഷ്യം. ഈ കാപ്പിക്ക് ഇത്ര രുചി വരാനും വില കൂടാനുമുള്ള കാരണം കേട്ടാൽ ഒരു പക്ഷെ മുഖം തിരിച്ചേക്കാം.
ആന പിണ്ഡത്തിൽ നിന്നുമാണ് ഈ കാപ്പിക്കുരുക്കൾ ശേഖരിക്കുന്നത്. ഇത് വറുത്ത് ഉണക്കി പൊടിച്ചാണ് ബ്ലാക്ക് ഐവറി തയ്യാറാക്കുന്നത്. ഒരു കപ്പ് കാപ്പിക്ക് 3500 രൂപ കൊടുക്കണം.തായ്ലന്റിന്റെ അതിർത്തി പ്രദേശത്താണ് ബ്ലാക്ക് ഐവറി കോഫി കമ്പനിയുള്ളത്. അതിന്റെ സ്ഥാപകനാണ് ബ്ലെയ്ക്ക് ഡിൻകിൻ.
ഇത്തരത്തിൽ നിർമിക്കുന്ന കാപ്പിയുടെ രുചിയേയും ഗുണത്തെയും പറ്റി അദ്ദേഹം ആഴത്തിൽ പഠനം നടത്തി.
വിലപിടിച്ച കാപ്പിയായ കോഫി ലുവാക്കിനെ കുറിച്ച് അറിഞ്ഞ ശേഷമായിരുന്നു ബ്ലാക് ഐവറി കോഫി കമ്പനി സ്ഥാപിക്കാൻ ബ്ലെയ്ക്ക് തീരുമാനിച്ചത് . ജാവാ സുമാത്ര ദ്വീപ് നിവാസികൾ ഉത്പാദിപ്പിക്കുന്ന കാപ്പിയാണ് കോഫി ലുവാക്. ഇത് വെരുകിന്റെ (മരപ്പട്ടി) കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കിപ്പൊടിച്ചാണ് തയ്യാറാക്കുന്നത്. കാട്ടിൽപോയി മരപ്പട്ടിയുടെ വിസർജ്ജ്യത്തിൽ നിന്നും കാപ്പിക്കുരു എടുക്കുന്നത് ഇവിടത്തെ ആദിവാസികളാണ്.