രാഹുൽ തുടർന്നു:
''തേക്ക് തോട് കഴിഞ്ഞാൽ അപ്പുറം തമിഴ്നാട് അതിർത്തിയാണ്. കുറേ ദൂരം വനത്തിലൂടെ സഞ്ചരിച്ചുവേണം അവിടെയെത്തുവാൻ. അതുകൊണ്ട് നമ്മളെ തിരക്കി ഒറ്റയാളുപോലും അവിടേക്ക് വരാൻ പോകുന്നില്ല."
അവൻ കുറച്ചു കാര്യങ്ങൾ കൂടി അവരെ പറഞ്ഞു മനസിലാക്കി.
ഉത്തമപാളയം ടീം എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു...
രാത്രി 8 മണി.
പിങ്ക് പോലീസിന്റെ ജീപ്പ് മുറ്റത്തു വന്നുനിന്നു.
വിജയ പെട്ടെന്ന് മെയിൻ സ്വിച്ച് ഓഫു ചെയ്തു. അനന്തരം അകത്തെ മുറിയിൽ പോയി നോബിൾ തോമസിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് ഇന്നോവയിൽ കയറ്റി.
പിന്നെ വീണ്ടും മെയിൻ സ്വിച്ച് ഓൺ ചെയ്തു.
''ആ ചെറുക്കനെ നീ എങ്ങോട്ടു കൊണ്ടുപോകുകയാ വിജയേ?"
മാലിനി നെറ്റി ചുളിച്ചു. അവളെ തുറിച്ചു നോക്കി.
''കൊല്ലാൻ. എന്താ അമ്മയ്ക്കു വല്ല പ്രശ്നവുമുണ്ടോ? "
മാലിനി മിണ്ടിയില്ല. ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞു നടന്നു.
വിജയ യൂണിഫോമിൽ ആയിരുന്നു. അവളും ചെന്ന് ഇന്നോവയുടെ ഫ്രണ്ട് സീറ്റിൽ കയറി.
സുമം വണ്ടി വിട്ടു.
8.15
പത്തനംതിട്ട ടി.ബിയിൽ, തന്നെ കാണാൻ വന്നവരെയൊക്കെ പറഞ്ഞുവിട്ടിട്ട് ഫോണിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ.
അടുത്ത നിമിഷം ഫോൺ ശബ്ദിച്ചു.
മാസ്റ്റർ അതെടുത്തു നോക്കി. അപരിചിതമായ നമ്പർ.
വിങ്ങുന്ന ഹൃദയത്തോടെ കാൾ അറ്റന്റ ചെയ്തു.
''യേസ്.."
''ഞാനാ സാറേ.. കൽക്കി." പതിഞ്ഞ സ്ത്രീ ശബ്ദം. സാറ് വണ്ടിയെടുത്ത് നേരെ കോഴഞ്ചേരിക്കു വരിക. കോളേജ് ഗേറ്റിൽ ഞാനുണ്ടാവും. പെട്ടെന്നു വരണം. രാഹുലിന്റെ ആളുകൾ എന്നെ തപ്പിക്കൊണ്ടിരിക്കുകയാണ്. "
''ഞാൻ ഉടൻ വരും."
തിടുക്കത്തിൽ മാസ്റ്റർ കാറിന്റെ കീയുമെടുത്ത് പുറത്തേക്കു നടന്നു.
''സാറ് ഒറ്റയ്ക്കു പുറത്തു പോകുകയാണോ? കൂടെ ആരെങ്കിലും..."
മുറ്റത്തു നിന്നിരുന്ന ടി.ബി മാനേജരെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല മാസ്റ്റർ.
''ഞാൻ മാത്രം മതി. പെട്ടെന്ന് തിരിച്ചുവരും. തൽക്കാലം താൻ ഇത് ആരോടും പറയണ്ടാ. എന്നെ തിരക്കി ആരെങ്കിലും വന്നാൽ ഇന്നിനി കാണാൻ പറ്റില്ലെന്നും എനിക്ക് തലവേദനയാണെന്നും പറ."
മാസ്റ്റർ അയാളുടെ തോളിൽ തട്ടി.
അയാൾ സമ്മതിച്ചു.
മാസ്റ്ററുടെ സ്കോർപിയോ കോഴഞ്ചേരിക്കു പാഞ്ഞു.
8.35
സ്കോർപിയോ കുന്നു കയറി കോളേജിന്റെ ഗേറ്റിൽ ബ്രേക്കിട്ടു.
പെട്ടെന്ന് ഗേറ്റ് തുറക്കപ്പെട്ടു.
മുന്നിലുള്ളത് കാക്കിയണിഞ്ഞ ഒരു യുവതിയാണെന്ന് മാസ്റ്റർ കണ്ടു.
''അകത്തേക്കു പൊയ്ക്കോള്ളൂ." അവൾ തിടുക്കത്തിൽ അറിയിച്ചു. സി.പി.ഒ നിർമ്മലയായിരുന്നു അത്.
സ്കോർപിയോ മുന്നോട്ടു നീങ്ങിയതും അവൾ വേഗം ഗേറ്റ് അടച്ചു പൂട്ടിയിട്ട് ഇരുളിൽ മറഞ്ഞു.
മുന്നോട്ടു ചെന്ന മാസ്റ്റർ പൊടുന്നനെ വണ്ടി നിർത്തി.
മരച്ചുവട്ടിൽ ഒരാൾ നിൽക്കുന്നു.... ഒറ്റനോട്ടത്തിൽ അയാൾക്ക് ആളിനെ മനസിലായി.
തന്റെ പുത്രൻ!
നോബിൾ തോമസ്.
പെട്ടെന്ന് മാസ്റ്റർ സാലമ്മയെ ഓർത്തു... താനും അവളും കൂടി കഴിഞ്ഞ മണിക്കൂറുകൾ ഓർത്തു. അങ്ങനെ താൻ അവൾക്കു കൊടുത്ത സമ്മാനമാണിവൻ.
രാഷ്ട്രീയ രംഗത്ത് ഇവൻ തന്റെയൊപ്പം വളരണമെന്ന് താൻ ആഗ്രഹിച്ചു.
അതിനുവേണ്ടി കൊലപാതകം വരെ നടത്തി.
പൊടുന്നനെ മാസ്റ്റർ ഒന്നു ഞെട്ടി. ഇവന് പ്രതിയോഗി ആകും എന്നു കരുതിയ യുവാവിനെ ഈ കോളേജിൽ വച്ചാണല്ലോ കൊല്ലപ്പെടുത്തിയത്?
അതോടെ മാസ്റ്ററുടെ നട്ടെല്ലിനുള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടു.
ഒട്ടും സമയം കളയാതെ ഇവനെയും കൊണ്ടു പോകണം. മനസ് എന്തോ ഒരു അപായ സന്ദേശം നൽകുന്നതു പോലെ....
മാസ്റ്റർ ചുറ്റും നോക്കി.
തനിക്കു ഫോൺ ചെയ്ത, ഗേറ്റു തുറന്നു തന്ന സ്ത്രീ എവിടെ?
ചിന്തിച്ചിരിക്കാൻ നേരമില്ല. അയാൾ സ്കോർപിയോയിൽ നിന്നിറങ്ങി.
നോബിളിനു നേർക്ക് ഓടിച്ചെന്നു. വണ്ടിയുടെ ലൈറ്റ് അണഞ്ഞിരുന്നില്ല..
''മോനേ..." മാസ്റ്റർ അടുത്തെത്തി ആവേശത്തോടെ വിളിച്ചു.
ആ സെക്കന്റിൽ അയാൾക്ക് ഒരിക്കൽക്കൂടി സംശയത്തിന്റെ ചൂരടിച്ചു...!
[തുടരും]