വളരെ പ്രായമായ ആൾക്കാരിൽ ഛർദ്ദി, വയറിളക്കം മുതലായ ലക്ഷണങ്ങൾ കാണാം. രോഗനിർണയം പ്രധാനമായും മൂത്രത്തിന്റെ മൈക്രോസ്കോപി മൂത്രത്തിന്റെ കൾചർ പരിശോധനകൾ കൊണ്ടാണ്. അൾട്രാസൗണ്ട് സ്കാൻ പരിശോധന വഴി മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രത്തിന്റെ അളവ് അറിയാം. മൂത്രത്തിന്റെ കൾചറിന് അനുയോജ്യമായ ആന്റി ബാക്ടീരിയൽ മരുന്നുകൾ രോഗിക്ക് കൊടുക്കണം.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ബാക്ടീരിയൽ അണുരോഗബാധയ്ക്ക് പ്രോസ്റ്റാറ്റൈറ്റിസ് എന്നാണ് പറയുന്നത്.
വിറയലോടുകൂടിയ പനി, വേദനയോടെ മൂത്രം പോവുക, അടിവയറ്റിലും നാഭിയിലും വേദന, മൂത്രം ശക്തി കുറഞ്ഞ് പോവുക, മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക മുതലായവയാണ് രോഗലക്ഷണങ്ങൾ. മലദ്വാരത്തിൽ കൂടിയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം, വേദന മുതലായവ ഉള്ളതായി കാണുന്നു.
മൂത്രത്തിന്റെയും, രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്. ആന്റിബാക്ടീരിയൽ മരുന്നുകൾ, ആൽഫാ ബ്ളോക്കറുകൾ, മൂത്രം കെട്ടിനിൽക്കുകയാണെങ്കിൽ കത്തീറ്ററൈസേഷൻ മുതലായവയാണ് ചികിത്സാമാർഗങ്ങൾ. ചില രോഗികളിൽ പ്രോസ്റ്റേറ്റ് പഴുപ്പ് ഉണ്ടാകുന്നു. എൻഡോസ്കോപ് വഴി പഴുപ്പ് നീക്കം ചെയ്യേണ്ടിവരും.
ക്രോണിക് ബാക്ടീരിയൽ പ്രോസ്റ്ററ്റൈറ്റിസ് എന്നത് ദീർഘനാൾ നിലനിൽക്കുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അണുരോഗബാധയാണ്. ഇടവിട്ടുള്ള മൂത്രരോഗാണുബാധ, സ്ഖലനത്തിന്റെ കൂടെയോ അതിനു ശേഷമോ ഉള്ള വേദന, മൂത്രതടസം മുതലായവയാണ് രോഗലക്ഷണങ്ങൾ. മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ പരിശോധന, സിസ്റ്റോസ്കോപി മുതലായവയാണ് രോഗനിർണയത്തിന് സഹായിക്കുന്നത്. ആന്റി ബാക്ടീരിയൽ മരുന്നുകൾ ആൽഫാബ്ളോക്കറുകൾ മുതലായവ ദീർഘനാൾ കൊടുക്കേണ്ടിവരും. മൂത്രതടസമുള്ള രോഗികൾക്ക് മേല്പറഞ്ഞ ചികിത്സാ ഫലം കണ്ടില്ലെങ്കിൽ എൻഡോസ്കോപ് വഴി ഗ്രന്ഥി മാറ്റേണ്ടിവരും.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ"
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297