ന്യൂഡൽഹി: അമ്മയും മകളും ഒരേ ക്ലാസിലിരുന്ന് പഠിക്കുന്നത് ഉദാഹരണം സുജാതയിലൂടെ കണ്ട് കൈയടിച്ചവർക്ക് വെള്ളിത്തിരയ്ക്ക് പുറത്ത് കൈയടിക്കാം.
ഡൽഹി സർവകലാശാലയിൽ നിന്ന് ഒരേദിവസം പി.എച്ച്.ഡി നേടിയ ഒരു അമ്മയും മകളുമാണ് താരം. 34 വർഷങ്ങൾക്ക് മുമ്പ് കോളേജ് ജീവിതം അവസാനിപ്പിച്ച മാല ദത്തയെന്ന സ്ത്രീയുടെ അവസാനിക്കാത്ത സ്വപ്നമായിരുന്നു പിഎച്ച്ഡിയെന്നത്. ഒടുവിൽ, മാല അത് നേടി, ഒപ്പം 28കാരിയായ മകൾ ശ്രേയ മിശ്രയും.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇന്ത്യൻ എക്കണോമിക് സർവീസിൽ ഓഫീസറാണ് മാല.
1985 ൽ ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്നും എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം ലഭിച്ചപ്പോൾ തന്നെ മാലയ്ക്ക് പിഎച്ച്ഡി നേടണമെന്ന മോഹമുണ്ടായിരുന്നു. 2012ൽ മകളുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് ജോലിയിൽനിന്ന് താത്കാലികമായി അവധിയെടുത്തു മാല. ആ സമയത്താണ് അവർ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്യുന്നത്.
പിന്നീട്, സ്റ്റഡി ലീവെടുത്ത് വളരെ ഗൗരവമായി ഗവേഷണം തുടർന്നു. വേൾഡ് ബാങ്ക് കൺസൾട്ടന്റായ ശ്രേയ രണ്ട് വർഷം മുമ്പാണ് സൈക്കോളജിയിൽ പിഎച്ച്ഡിക്ക് ചേരുന്നത്. ചേർന്നപ്പോഴാണ് അമ്മയ്ക്കും മകൾക്കും ഒരുമിച്ച് പിഎച്ച്ഡി പൂർത്തിയാക്കണമെന്ന മോഹമുണ്ടായത്. കഴിഞ്ഞ വർഷമാണ് ഇരുവരും തീസിസ് സമർപ്പിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്, യൂണിവേഴ്സിറ്റിയിൽ ആദ്യമായാണ് ഒരു അമ്മയും മകളും ഒരുമിച്ച് പിഎച്ച്ഡി നേടുന്നത് എന്നാണ്.