ന്യൂഡൽഹി: കോൺഗ്രസ് - ആം ആദ്മി സഖ്യത്തിന് വഴിയൊരുക്കി എൻ.സി.പി നേതാവ് ശരദ് പവാർ. ഇതിനു മുന്നോടിയെന്നോണം, ആം ആദ്മിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗുമായി അദ്ദേഹം ബന്ധപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പവാറിനെ സന്ദർശിച്ചെന്നും, സംഭാഷണം ഡൽഹിയിൽ സഖ്യമുണ്ടാക്കുന്ന വിഷയത്തിലേക്കു തിരിഞ്ഞെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇതേത്തുടർന്നാണ് പവാർ സഞ്ജയ് സിംഗുമായി ബന്ധപ്പെട്ടത്.

അതേസമയം, ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സഞ്ജയ് സിംഗ് വെളിപ്പെടുത്തിയിട്ടില്ല. പാർട്ടികൾ തമ്മിൽ സംസാരിക്കേണ്ട സമയമല്ല ഇതെന്നും രാജ്യത്തെ രക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കന്മാർക്കായി പവാർ തന്റെ സ്വകാര്യ വസതിയിൽ കഴിഞ്ഞ മാസം വിരുന്നൊരുക്കിയിരുന്നു. വിരുന്നിൽ രാഹുൽ ഗാന്ധിയും കേജ്‌രിവാളും പങ്കെടുത്തു. കോൺഗ്രസ് - ആം ആദ്മി സഖ്യം വേണമെന്ന ശക്തമായ ആവശ്യം അന്നേ ഉയർന്നതാണ്. എന്നാൽ, ഡൽഹിയിലെ പല നേതാക്കന്മാർക്കും എതിർപ്പുണ്ടായിരുന്നതുകൊണ്ട് രാഹുൽ വിമുഖത കാട്ടി.

പക്ഷേ, അന്ന് എതിർപ്പ് പ്രകടിപ്പിച്ചവരിൽ അജയ് മാക്കനും അർവിന്ദ് സിംഗ് ലവ്ലിയും അടക്കമുളള നേതാക്കന്മാർ ഇപ്പോൾ സഖ്യത്തിന് തയ്യാറാണ്. ഷീല ദീക്ഷിതിനാകട്ടെ, സഖ്യത്തിൽ വലിയ താൽപര്യമില്ല താനും. എതിർപ്പു പ്രകടിപ്പിച്ച് പാർട്ടിക്ക് ഷീല കത്തെഴുതുകയും ചെയ‌്തു. അടുത്ത വർഷത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളായി മത്സരിക്കേണ്ട ആം ആദ്മിയുമായി സഖ്യം വേണ്ടയെന്നാണ് ഷീലയുടെ പക്ഷം.