നിരവധി ഭീകരാക്രമണങ്ങളാണ് ഈ അടുത്തായി നടന്നത്. അവസാനമായി ന്യൂസിലാൻഡിലും, ഇതുസംബന്ധിച്ച് "വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. "ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്.
വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെനടക്കാറുള്ളത്. അമേരിക്കയിൽ ഇത് വർഷത്തിൽ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉൾപ്പടെ പല ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അൻപതിന്റെ മുകളിലും ആണെന്ന് ഓർക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാൾ കൊന്നൊടുക്കിയത്".- ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
ഇന്നിപ്പോൾ ന്യൂസിലാൻഡിൽ നിന്നും അക്രമങ്ങൾ കുറവായ നെതെർലാൻഡ്‌സിൽ നിന്നും അക്രമത്തിന്റെ വാർത്തകൾ വരുന്നു. തോക്കുധാരികൾ ഓഫിസിലും സ്‌കൂളിലും എത്തി ആളെ കൊല്ലാൻ ശ്രമിക്കുന്നത് അമേരിക്കയിൽ അപൂർവ്വമല്ലെങ്കിലും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
വെടിയൊച്ച കേട്ടാൽ എന്തു ചെയ്യണം?
"വെടിയൊച്ച കേട്ടാലുടനെ ഒരുമിച്ച് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. എവിടെനിന്നാണ് ശബ്ദം കേട്ടത്, ഏതുവഴി എളുപ്പത്തിൽ രക്ഷപെടാം. പണ്ടൊക്കെ വെടിയൊച്ച കേട്ടാൽ ഉടൻ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം (മീശമാധവനിലെ പുരുഷുവിന്റെ ഡ്രിൽ ഓർക്കുക). തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുമ്പോൾ ആദ്യം കിടക്കുന്ന ആളെ ചവിട്ടി കൊല്ലും.
തോക്കുമായി ഒരാൾ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തിൽ നാലു സാധ്യതകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്‌ക്കുണ്ടെങ്കിലും തീരുമാനം എടുക്കാൻ വൈകരുത്.
നിങ്ങൾ ഒരു ആൾക്കൂട്ടത്തിന്റെ തുറന്ന പ്രദേശത്തോ ഹോട്ടലിലോ മാർക്കറ്റിലോ ആണെങ്കിൽ ഓട്ടം തന്നെ രക്ഷ. ഇവിടെ നിങ്ങളെ പ്രത്യേകം അന്വേഷിച്ചോ ഉന്നം വെച്ചോ അല്ല വെടിവെക്കുന്നത്. പരമാവധി ആളുകളെ കൊല്ലണമെന്നേ അക്രമിക്ക് ലക്ഷ്യമുള്ളൂ. വെടിശബ്ദം കേട്ടതിന്റെ എതിർദിശയിലേക്ക് പരമാവധി വേഗത്തിൽ ഓടുക. നേരെയല്ല, വളഞ്ഞ് തിരിഞ്ഞ് വേണം ഓടാൻ എന്നൊക്കെ ആളുകൾ പറയും. ശ്രദ്ധിക്കേണ്ട. വെടിവെക്കുന്നത് നിങ്ങളെ ഉന്നം വെച്ചല്ലാത്തതിനാൽ വളഞ്ഞാലും പുളഞ്ഞാലും അപകടസാധ്യത ഒന്നാണ്. പരമാവധി വേഗത്തിലോടി അക്രമിയിൽ നിന്ന് അകലെയാകാൻ ശ്രമിക്കുക, അതാണ് ബുദ്ധി.
നിങ്ങൾ നിങ്ങളുടെ ഓഫീസിലോ, വിമാനത്താവളത്തിലോ, അതുപോലെ അല്പം പരിചയമുള്ളതും കുറച്ചേറെ മുറികളും മറകളുമുള്ള സ്ഥലത്താണെങ്കിൽ ഒളിക്കുക എന്നതാണ് ബുദ്ധി. ഇതും രണ്ടു രീതിയിലുണ്ട്. ഒന്ന്, വെടിയുണ്ടയെ തടയുന്ന എന്തിന്റെയെങ്കിലും മറവിൽ. ഭിത്തി, വലിയ അലമാര എന്നിങ്ങനെ. രണ്ട്, അക്രമിക്ക് നമ്മളെ കാണാനാവാത്ത വിധത്തിൽ എന്തിന്റെയെങ്കിലും മറവിൽ. വാതിലിന്റെ പിന്നിൽ, മേശയുടെ അടിയിൽ എന്നിങ്ങനെ. ഒളിഞ്ഞിരിക്കുമ്പോൾ എങ്ങനെ ഓടിരക്ഷപെടാമെന്നും അക്രമി തൊട്ടടുത്തെത്തിയാൽ എങ്ങനെ ഒന്ന് കൊടുക്കാമെന്നും മുൻകൂർ ചിന്തിക്കണം".-പോസ്റ്റിൽ പറയുന്നു.