കൊല്ലം: മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി. കൊല്ലം ഓച്ചിറയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
വിഗ്രഹങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇവർ പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. വിഗ്രഹങ്ങൾ വിൽക്കുന്നതിന് സമീപത്തെ ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാത്രി 11മണിയോടെ നാലംഗ സംഘം ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
തടയാനെത്തിയ മാതാപിതാക്കളെ ആക്രമിസംഘം മർദ്ദിക്കുകയും പിന്നീട് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് അവശരായ മാതാപിതാക്കളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും അന്വേഷണം ആരംഭിക്കാൻ തയ്യാറായിരുന്നില്ല. നാട്ടുകാർ എത്തി പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികളായ ചിലർ ഇവരെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ശല്യം ചെയ്തവരായ നാലു ചെറുപ്പക്കാരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികളായ ചിലരെ പൊലീസിന് സംശയമുണ്ട്. ഇവെര കേന്ദരീകരിച്ചായിരിക്കും അന്വേഷണം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം പെൺകുട്ടിയെ നേരത്തേയും തട്ടിക്കൊണ്ട് പോയിരുന്നതായി വിവരങ്ങളുണ്ട്. പൊലീസ് ഇടപെട്ടാണ് പെൺകുട്ടിയെ മുൻപും തിരികെ മാതാപിതാക്കളുടെ അടുത്തെത്തിച്ചത്. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലാണെന്നും പറയപ്പെടുന്നുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കെതിരെ ജാമ്യമില്ലാ വകുപ്പിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.