ശ്രീനാരായണ ഗുരു മുമ്പോട്ടുവെച്ച മാനവികവും മതേതരവുമായ ആത്മീ യതയുടെ വരപ്രസാദമാണ് രക്തരൂക്ഷിതമായിക്കൊണ്ടിരിക്കു ന്ന ഈ കാലത്തെയും ലോകത്തെയും ശാന്തിയിലേക്കും മനുഷ്യത്വത്തിലേക്കും നയിക്കനുള്ള ഉപാധി. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന ഗുരുസന്ദേശം ഉൾക്കൊള്ളാനായാൽ മതത്തിന്റെയോ വംശത്തിന്റെയോ പേരിലുള്ള കാലുഷ്യങ്ങൾക്ക് ഇടമെവിടെ? ആയുധങ്ങളെടുക്കാത്ത രക്തമൊഴുക്കാത്ത ഒരു ലോകസമൂഹം പിറവികൊള്ളും ആ വഴിക്ക്. അത്തരമൊരു നല്ല കാലത്തിന്റെ പിറവിയിലേയ്ക്കുള്ള ദിശാസൂചികയാവുന്നു കൗമുദി ടിവിയിലെ മഹാഗുരു' എന്ന പരമ്പര. നന്മയുടെ വെളിച്ചമാണിതു പ്രസരിപ്പിക്കുന്നത്. ഈ വെളിച്ചം ഉൾക്കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതുണ്ട്. ആ നിലയ്ക്കു നോക്കുമ്പോൾ കുടുംബം ഒന്നിച്ചിരുന്നു കാണേണ്ട പരമ്പരയാണിത്. അനാചാരങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ, മാറാലകളെ വകഞ്ഞുമാറ്റി മനുഷ്യത്വത്തിന്റെ സൂര്യൻ ഇവിടെ ഉദിച്ചതെങ്ങനെയെന്ന് ഈ പരമ്പര കാട്ടിത്തരുന്നു. നരവർഗജന്തു എന്ന അവസ്ഥയിൽനി ന്ന് മനുഷ്യൻ എന്ന അവസ്ഥയിലേക്കു നമ്മെ ഈ പരമ്പര ഉണർത്തുന്നു; ഉയർത്തുന്നു. നഷ്ടമാവുന്ന മാനുഷസത്ത മനഃസാക്ഷിയിൽ പുനഃസ്ഥാപിക്കുന്നു. പുതിയ കാലവും പുതി യ ലോകവും ആവശ്യപ്പെടുന്ന ഒരു പരമ്പര തയ്യാറാക്കി അവതരിപ്പിച്ചു എന്ന കാര്യ ത്തിൽ ഇതിന്റെ ശിൽപികൾക്കാകെ അഭിമാനിക്കാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി ഈ ലോകം മാറണം. ആ ലക്ഷ്യം മുൻനിറുത്തിയുള്ള ബോധവൽക്കരണമെന്ന ധർമം കൂടി കലാംശത്തിൽ തെല്ലും വിട്ടുവീഴ്ച വരുത്താതെ പരമ്പര നിർവഹിക്കു ന്നു എന്നു കാണുന്നതു സന്തോഷകരമാണ്.