bandage

മാഡിസൺ: ബാൻഡേജ് ചുറ്രിയിട്ടും മുറിവുണങ്ങുന്നില്ലല്ലോ എന്ന് ആവലാതിപ്പെടാത്തവരുണ്ടാവില്ല. എന്നാൽ ആഴത്തിലുള്ള മുറിവുകളുണക്കാൻ ഇലക്ട്രോണിക് ബാൻഡേജ് വിദ്യയുമായെത്തിയിരിക്കുകയാണ് വിസ്കോൺസിൻ- മാഡിസൺ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ. സാധാരണ മുറിവുണങ്ങുന്നതിനെക്കാൾ നാലിരട്ടി വേഗത്തിൽ ഇലക്ട്രിക് കറണ്ടുകൊണ്ട് മുറിവുണക്കാൻ ഇ- ബാൻഡേജിന് സാധിക്കും.

എലികളിലായിരുന്നു ആദ്യ പരീക്ഷണം. എലികളുടെ പുറം തൊലിയിൽ മുറിവുണ്ടാക്കിയശേഷം ഇലക്ട്രോണിക് ബാൻഡേജ് ചുറ്റിവച്ച് നടത്തിയ പരീക്ഷണത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് മുറിവുണങ്ങിയതെന്ന് ഗവേഷകർ കണ്ടെത്തി. ജീവികൾ ശ്വസിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രകമ്പനം ബാൻഡേജിൽ ഘടിപ്പിച്ച മോട്ടോറിൽ ഇലക്ട്രിക് പൾസ് ഉത്പാദിപ്പിക്കും. ഇലക്ട്രിക് പൾസിന്റെ സഹായത്തോടെ മുറിവുണക്കുന്ന ഫൈബ്രോബ്ലാസ്റ്റുകൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ട് തൊലി സ്വാഭാവിക രൂപത്തിലെത്തും.

ലോകമെമ്പാടും പ്രമേഹം പോലുള്ള രോഗങ്ങൾ കാരണം ഉണങ്ങാത്ത മുറിവുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇ- ബാൻഡേജ് ഏറെ സഹായകമാകും.

ഇലക്ട്രിക്കൽ ഉത്തേജനത്തിലൂടെ മുറിവുണക്കുന്ന വിദ്യ 1960ൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും പരീക്ഷണവിജയം കണ്ടത് ഇപ്പോഴാണ്.

മുറിവുണക്കൽ ഇങ്ങനെ

രണ്ട് നാനോമോട്ടോറുകൾ ഘടിപ്പിച്ച ബാൻഡേജ് മുറിവിനു മുകളിലായി ചുറ്റുന്നു. ശ്വസനത്തിലൂടെയും മറ്റും ശരീരത്തിലുണ്ടാകുന്ന പ്രകമ്പനം നാനോമോട്ടോറിൽ വൈദ്യുത പൾസ് ഉണ്ടാക്കുന്നു. ഇത് മുറിവുണക്കൽ വേഗത്തിലാക്കുന്നു.