അഗർത്തല:ത്രിപുരയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ സുബാൽ ഭൗമിക് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിയിൽ ഇനിയും ഭാരമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞത് കഴിഞ്ഞെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. തിങ്കളാഴ്‌ച കോൺഗ്രസ് നേതാക്കളുമായി അഗർത്തലയിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ഭൗമിക് തന്റെ തീരുമാനം അറിയിച്ചത്.
ബി.ജെ.പിയിൽ ഇനിയും ഒരു ഭാരമായി തുടരാൻ ഞാനില്ലെന്ന് ഭൗമിക് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചാൽ ത്രിപുരയിലെ ബി.ജെ.പി സർക്കാർ താഴെ വീഴുമെന്നാണ് പാർട്ടിയിലെ ചിലരുടെ അഭിപ്രായം. കമ്മ്യൂണിസ്‌റ്റ് ഭരണത്തിനെതിരെ ദീർഘനാൾ പോരാടിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ കയറിയത്. അത് പെട്ടെന്ന് താഴെ വീഴണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൗമിക് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ത്രിപുരയിൽ സ്ഥാനമേറ്റെടുത്ത പുതിയ കോൺഗ്രസ് അദ്ധ്യക്ഷനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നാടകീയമായി ഭൗമിക് കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചത്. അടുത്ത ദിവസം സംസ്ഥാനത്തെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന പരിപാടിയിൽ താൻ പങ്കെടുക്കുമെന്നും ഭൗമിക് അറിയിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസിലായിരുന്ന സുബൽ ഭൗമിക് നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ടത്. തുടർന്ന് ഒരു പ്രാദേശിക പാർട്ടി രൂപീകരിക്കുകയും പിന്നീട് ബി.ജെ.പിയിൽ ചേരുകയുമായിരുന്നു. പാർട്ടിയിൽ തിരിച്ചെത്തിയ ഭൗമിക് കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് വിവരം.