തിരുവനന്തപുരം: ബറ്റാലിയനുകളിൽ 673 താത്കാലിക തസ്തികകൾ ഇല്ലാതാക്കാൻ സർക്കാർ ഉത്തരവിറക്കും മുൻപ്, തിരഞ്ഞെടുപ്പിന്റെ മറവിൽ പൊലീസ് മേധാവി സൂത്രപ്പണി നടത്തിയെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത് വിവാദമായി. പൊലീസ് ബറ്റാലിയനുകളിൽ റിക്രൂട്ടുകളുടെ പരിശീലനത്തിന് നിലനിറുത്തിയിരുന്ന താത്കാലിക തസ്തികകളാണ് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായത്. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പട്ടികയിൽ ഈ തസ്തികകൾ ഒഴിവാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹറ, ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശിന് നിർദ്ദേശം നൽകിയിരുന്നു. തസ്തികകൾ ഒഴിവാക്കിയതായി കണക്കാക്കി കമ്മിഷന് കണക്കുകൊടുത്തത് ഉറക്കത്തിലുള്ള മരണം പോലെ നടപ്പാക്കിയെന്നാണ് കണ്ണൂരിലെ നാലാം ബറ്റാലിയനിലെ ഓഫീസർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാധാകൃഷ്‌ണൻ പോസ്റ്റിട്ടത്.
ഡി.ജി.പിയുടെ പാരയാണിതെന്നും സൂത്രത്തിൽ അംഗസംഖ്യയിൽ കുറവുവരുത്തിയെന്നുമാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒഴിവാക്കാമായിരുന്ന തസ്തിക ഇല്ലാതാക്കൽ സാദ്ധ്യത ഡി.ജി.പി ഉറപ്പിക്കുകയാണ് ചെയ്തത്. ഫലത്തിൽ സർക്കാർ ഉത്തരവിറങ്ങാതെ തന്നെ, അത് പ്രാബല്യത്തിലാക്കി. പൊലീസുകാരെയും കുടുംബത്തെയും സർക്കാർ വിരുദ്ധരാക്കാമെന്ന ചിന്ത ഡി.ജി.പിക്കുണ്ടാവാമെന്നും അസോസിയേഷനുകൾ ഇത് ഗൗരവമായെടുത്തിട്ടുണ്ടെന്നും സംഘടനാ നേതാവിന്റെ പോസ്റ്റിലുണ്ട്. അസി.കമൻഡാന്റുമാരടക്കമുള്ള ഗ്രൂപ്പിൽ ഡി.ജി.പിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടിട്ടും നേതാവിനെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ബറ്റാലിയനുകളിലെ പരിശീലകരുടെ കുറവു മൂലം താൽക്കാലിക സ്ഥാനക്കയറ്റത്തിലൂടെ സൃഷ്ടിച്ച ഈ തസ്തികകൾ 4 വർഷമായി നിലനിൽക്കുകയായിരുന്നു. എല്ലാവർഷവും അനുമതി നീട്ടിനൽകുകയാണ് പതിവ്. കഴിഞ്ഞ ഒക്ടോബർ 31നുശേഷം ഈ തസ്തികകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. അനുമതിയില്ലാത്തതിനാൽ 11 അസി. കമൻഡാന്റ് (ഡിവൈഎസ്പി), 23 ആംഡ് പൊലീസ് ഇൻസ്‌പെക്ടർ (സിഐ), 67 ആംഡ് പൊലീസ് എസ്‌ഐ, 22 ആംഡ് പൊലീസ് എഎസ്‌ഐ, 325 ഹവിൽദാർ (സീനിയർ സിപിഒ), 225 ക്യാമ്പ് ഫോളോവർ തസ്തികകൾ നിലവിലില്ലാത്തതാണെന്നും ഇവയൊഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷന് പട്ടിക നൽകാനുമായിരുന്നു ഡി.ജി.പിയുടെ നിർദ്ദേശം. പൊലീസ് സേനയുടെ ഇന്റേണൽ അഡ്മിനിസ്ട്റേറ്റീവ് പ്റോസസിംഗ് സിസ്റ്റത്തിൽ (ഐഎപിഎസ്) നിന്ന് ഇത്റയും തസ്തികകൾ നീക്കാനും ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പൊലീസ് സേന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണെന്നും കൃത്യമായ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതെന്നും പൊലീസ് ആസ്ഥാനം വിശദീകരിച്ചു. അതിനാൽ നിലവിലില്ലാത്ത തസ്തികകൾ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനുമാവില്ല. തസ്തികൾക്ക് തുടരനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കൃത്യസമയത്ത് അപേക്ഷ നൽകിയെങ്കിലും ധനവകുപ്പാണ് വൈകിപ്പിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.