കൊച്ചി: വായ്പ കുടിശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട പ്രീതാ ഷാജിയും ഭർത്താവ് എം.വി. ഷാജിയും കോടതിയലക്ഷ്യക്കേസിലെ ശിക്ഷയുടെ ഭാഗമായി കിടപ്പുരോഗികളെ 100 മണിക്കൂർ പരിചരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വീടും പറമ്പും ലേലം ചെയ്തത് നിയമപരമല്ലെന്ന് കണ്ട് പിന്നീട് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഭൂമി ഒഴിയാനുള്ള ഉത്തരവ് പാലിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിലയിരുത്തിയതിനെത്തുടർന്നാണ് വിധി.
എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നവരും വീടുകളിൽ കിടപ്പായവരുമായ രോഗികളെ പരിചരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ദിവസവും ആറ് മണിക്കൂർ വീതം 100 മണിക്കൂർ സേവനം അനുഷ്ഠിക്കണം. പരിചരണത്തിന് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ ജില്ലാ കളക്ടറും മെഡിക്കൽ സൂപ്രണ്ടും ഉത്തരവു നടപ്പായെന്ന് റിപ്പോർട്ട് നൽകണം. ഉത്തരവു പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷാനടപടികൾ പ്രതികൾ നേരിടേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായ്പാ കുടിശികയെത്തുടർന്ന് ബാങ്ക് ലേലം ചെയ്ത വീടും പറമ്പും ഒഴിഞ്ഞുകൊടുക്കാൻ പ്രീതാ ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതു പാലിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് പ്രീതാ ഷാജിയെയും ഷാജിയെയും കോടതി ശിക്ഷിച്ചത്. ലേലം നിയമപരമല്ലെന്ന് കണ്ട് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാപ്പുപറഞ്ഞ് ഒഴിവാകാൻ കഴിയുന്ന കുറ്റമല്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് ഏതു തരത്തിലുള്ള സാമൂഹ്യ സേവനമാണ് നൽകേണ്ടതെന്ന് അറിയിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ഇന്നലെ റിപ്പോർട്ട് നൽകി. തേവര വൃദ്ധ സദനത്തിലെ 42 അന്തേവാസികളെ പരിചരിക്കുക, കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ പരിചരിക്കുക, എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനു കീഴിലുള്ള കിടപ്പ് രോഗികളെ ശുശ്രൂഷിക്കുക എന്നീ നിർദ്ദേശങ്ങളാണ് കളക്ടർ സമർപ്പിച്ചത്. തുടർന്നാണ് കിടപ്പുരോഗികളെ പരിചരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പ്രീതാ ഷാജിയുടെ കുടുംബം താമസിക്കുന്ന പത്തടിപ്പാലത്തും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലെ കിടപ്പുരോഗികളെ പരിചരിക്കാൻ അനുവദിക്കുന്ന കാര്യം മെഡിക്കൽ സൂപ്രണ്ട് തീരുമാനിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.