തിരുവനന്തപുരം: നീണ്ടകാത്തിരിപ്പിനും ചർച്ചകൾക്കും ശേഷം വടകര ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു മത്സര കേന്ദ്രമായി വടകര മാറും. ഇരുപാർട്ടികളുടെയും ശക്തരായ പി.ജയരാജനും കെ.മുരളീധരനും ഏറ്റുമുട്ടുന്നതോടെ മത്സരം തീപാറുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വടകരയിൽ ജയിച്ച് മുരളീധരൻ എം.പിയായൽ കോൺഗ്രസിന് നേരിടുന്നത് മറ്റൊരു വെല്ലുവിളിയായിരിക്കും.
അതിന്റെ കാരണം മറ്റൊന്നുമല്ല, ഒമ്പത് എം.എൽ.എമാർ മത്സര രംഗത്തുണ്ടെങ്കിലും മുരളീധരൻ ശ്രദ്ധാകേന്ദ്രമാവുന്നത് അദ്ദേഹം ജയിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ സ്വഭാവം കാരണമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി ഒ. രാജഗോപാലിനൊപ്പം നിന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ടി.എൻ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രാജശേഖരൻ 43700 വോട്ടുമായി രണ്ടാമതെത്തിയ മണ്ഡലമെന്ന പ്രത്യേകതയും വട്ടിയൂർക്കാവിനുണ്ട്. അന്ന് കുമ്മനത്തെ പരാജയപ്പെടുത്താൻ സി.പി.എം വോട്ടുകൾ കെ.മുരളീധരന്റെ പെട്ടിയിൽ വീണെന്നും സംസാരമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മുരളീധരൻ വടകരയിൽ ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ വെല്ലുവിളിയായിരിക്കും. ഉപതിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ കോൺഗ്രസ് വിയർത്തേക്കും.