navya-nair

കൊച്ചി: തമിഴ് നടൻ ധനുഷും മലയാളത്തിന്റെ പ്രിയങ്കരിയായ സായ് പല്ലവും ഒരുമിച്ചുള്ള റൗ‌ഡി ബേബി എന്ന ഗാനരംഗം ഇതിനോടകം യൂട്യൂബിൽ തരംഗമായി മാറിക്കഴിഞ്ഞു. തകർപ്പൻ ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയത്. ഇതേസമയം ദക്ഷിനേന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനരംഗവും റൗഡി ബേബി തന്നെയാണ്.

എന്നാൽ സോഷ്യൽ മീഡിയയിൽ വെെറലായ റൗഡി ബേബിക്ക് തകർപ്പൻ നൃത്തവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം നവ്യ നായർ. കുറച്ച് കാലങ്ങളായി താരം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീ‌ഡിയയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കാറപകടത്തിൽ പരിക്കേറ്റ ജഗതി ശ്രീകുമാറിനെ പാട്ട് പാടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

ഒന്നര മിനുട്ട് ദെെർഘ്യമുള്ള നവ്യയുടെ വീ‌‌ഡിയോ യൂട്യൂബിൽ ഇതിനോടകം 7 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ധനുഷ് -സായ് പല്ലവി കൂട്ടുകെട്ടിൽ പിറന്ന റൗ‌ഡി ബേബിക്ക് 31 കോടി കാഴ്ചക്കാരുമായി മുന്നേറുകയാണ്. ബിൽ ബോർഡ് യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിൽ റൗഡി ബേബി നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.