അഗർത്തല: ത്രിപുരയിൽ ബി.ജെ.പി ഉപാദ്ധ്യക്ഷൻ സുബൽ ഭൗമിക് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. വെസ്റ്റ് ത്രിപുര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് സാദ്ധ്യത. ഒഴിവാക്കാനാകാത്ത സാഹചര്യം വന്നതിനാൽ ബി.ജെ.പി വിടുകയാണെന്നും ഇന്ന് ഖുമുൽവ്ങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റാലിയിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നും സുബൽ ഭൗമിക് പറഞ്ഞു.
ഇന്നലെ അർദ്ധരാത്രിയോടെ പി.സി.സി പ്രസിഡന്റ് പ്രദ്യോത് കിഷോർ മാണിക്യയുമായി നടന്ന ചർച്ചയിലാണ് ഭൗമിക് തീരുമാനമെടുത്തത്. മുൻ കോൺഗ്രസുകാരൻ കൂടിയായ ഭൗമിക് സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് അന്ന് പാർട്ടി വിട്ടത്. ഇത് തന്റെ കോൺഗ്രസിലെ രാഷ്ട്രീയ ജീവിതം പുതുക്കലാണെന്നും ഭൗമിക് പറഞ്ഞു. ബി.ജെ.പിയിൽ ചേരുന്നതിനു മുൻപ് പ്രാദേശിക പാർട്ടി രൂപീകരിച്ചിരുന്നു. ഭൗമിക്കിന്റെ തീരുമാനം ‘വീട്ടിലേക്കു തിരിച്ചുവര’വായി കാണുന്നുവെന്ന് പി.സി.സി ജനറൽ സെക്രട്ടറി ബാപ്തു ചക്രബർത്തി വിശേഷിപ്പിച്ചു.