ഉത്തരദേശത്തിന്റെ ഹൃദയത്തിലൂടെ അഴകിന്റെ പുഴപോലെ ഒഴുകുകയാണ് പ്രിയങ്ക. മൂന്നു ദിവസംകൊണ്ട് 130 കിലോമീറ്റർ നീളുന്ന ഗംഗായാത്ര. രാഷ്‌ട്രീയ റാലികളും സമ്മേളനങ്ങളും മാത്രം കണ്ടു പരിചയിച്ച ഗംഗാതടത്തിന് പ്രിയങ്കയുടെ സഞ്ചാരം ഒരു പുതിയ അനുഭവമാണ്.
കൂടെ ഒരു സംഘം വിദ്യാർത്ഥിനികളുണ്ട്. രാഷ്‌ട്രീയ പ്രസംഗമോ ചർച്ചയോ അധികമില്ല. നദീതടങ്ങളിലെ സാധാരണക്കാരുമായി കുശലംപറച്ചിൽ. അവരുടെ ജീവിതം നേരിട്ടറിയൽ. ഇന്ദിരയുടെ കൊച്ചുമകളെ കാത്ത് സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെ കാത്തുനില്പുണ്ട്. മൂവർണക്കൊടി ചുറ്റിയ ബോട്ട് തീരത്തോട് അടുക്കുമ്പോൾ, അവരുടെ മുഖത്ത് പ്രസാദം. പ്രായം ചെന്ന സ്ത്രീകൾ പറയുന്നുണ്ട്: ഇന്ദിരാജിയെപ്പോലെ തന്നെ, എല്ലാം.
കഴിഞ്ഞ രണ്ടു തവണയും പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് യു.പിയിൽ ഉണ്ടായിരുന്നെങ്കിലും അത് റായ്‌ബറേലിയിലും അമേഠിയിലും മാത്രമായിരുന്നു. കൂടെ അമ്മയോ സഹോദരനോ ഉണ്ടായിരുന്നു. ഈ യാത്രയിൽ പ്രിയങ്കയ്‌ക്കൊപ്പം ഇവരൊക്കെയേ ഉള്ളൂ: വിദ്യാർത്ഥിനികൾ, കുറച്ച് പാർട്ടി പ്രവർത്തകർ... ബോട്ടിൽ പ്രിയങ്കയ്ക്ക് ഇരിക്കാൻ അധികം പൊക്കമില്ലാത്ത, പതുപതുത്ത മെത്തയുണ്ട്. പ്രിയങ്ക ചമ്രംപടിഞ്ഞിരിക്കുന്നു. ചിലപ്പോൾ വിദ്യാർത്ഥിനികൾക്കൊപ്പം തോളിൽ കൈയിട്ട്, കാലുകൾ കുറുകെവച്ച് ഒരു കോളേജ് വിദ്യർത്ഥിനിയെപ്പോലെ...
മൂന്നു ദിവസംകൊണ്ട് കിഴക്കൻ യു.പിയിലെ ഓരോ മണ്ഡലത്തിലെയും ഒരു സ്ഥലത്തെങ്കിലും എത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. നദീതീരങ്ങളിൽ താമസിക്കുന്നത് അധികവും ദളിതരും പാവപ്പെട്ടവരുമാണ്. അവരോടു രാഷ്ട്രീയം പറയാനല്ല, ജീവിതം നേരിട്ടു കാണാനാണ് തന്റെ യാത്രയെന്ന പ്രിയങ്ക പറയുന്നു. യു.പിയുടെ മനസ്സു പിടിക്കേണ്ടത് എങ്ങനെയെന്ന് ഇന്ദിരയുടെ ചെറുമകൾക്ക് നന്നായറിയാം.
ഗംഗാതീരം നിറയെ ക്ഷേത്രങ്ങളാണ്. എല്ലായിടത്തും ബോട്ട് അടുക്കും. പൂജകളും വഴിപാടുകളും. പ്രാർത്ഥന കഴിഞ്ഞ്, സ്ത്രീകളുടെ നെറ്റിൽ ചന്ദനവും കുങ്കുമവും തൊട്ടുകൊടുത്ത്, അവരുടെ കൈ പിടിച്ച് ഗംഗാപുത്രി ചിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ ആകെയുള്ള 80 മണ്ഡലങ്ങളിൽ രണ്ടേ രണ്ടിടത്താണ് കോൺഗ്രസ് ജയിച്ചത്. ആ ആശങ്കയൊന്നും പ്രിയങ്കയുടെ മുഖത്തില്ല. ഇക്കുറി കാഴ്‌ച മാറും. ആ ആത്മവിശ്വാസമുണ്ട്, മുഖത്തെ നിറചിരിയിൽ.
ഗംഗായാത്രയെക്കുറിച്ച് ഉയരുന്ന ബി.ജെ.പിയുടെ പരിഹാസങ്ങളൊന്നും പ്രിയങ്ക വകവയ്‌ക്കുന്നില്ല. ഈ യാത്ര ഇന്ന് പൂർണമാകുമ്പോഴേക്കും യു.പി തനിക്കൊപ്പമായിരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്. അതെന്തായാലും, രാഷ്‌ട്രീയ പ്രചാരണത്തിൽ യു.പി പുതിയൊരു ഒഴുക്കാണ് കണ്ടത്. പുണ്യവതിയായ പുഴ പോലെ ഒരു പ്രിയപുത്രി.