news

1. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തുന്നു. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായ ഉപസമിതിയാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നത്. തര്‍ക്കത്തിലുള്ള പള്ളികളുടെ അവകാശം ഓര്‍ത്തോക്സ് സഭയ്ക്ക് കൈമാറണം എന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയും പലയിടത്തും ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ശക്തമാണ്. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് ഈ സാഹചര്യത്തില്‍

2. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നു എന്നും രാഷ്ട്രീയ താത്പര്യത്തിന് നിന്ന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാണിച്ച് നേത്തേ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഓര്‍ത്തഡോക്സ് സഭ ബഹിഷ്‌ക്കരിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ട് മാസങ്ങളായ ശേഷമാണ് ചര്‍ച്ചക്ക് ശ്രമമുണ്ടായതെന്നും ഓര്‍ത്തഡോക്സ് സഭ വിമര്‍ശനമുന്നയിച്ചിരുന്നു

3. ഇടത് വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടും ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ഇനിയും ധാരണ ആയില്ല. പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു. താത്പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍. തമ്മിലടി തീരാത്തതില്‍ ആര്‍.എസ്.എസ്സിന് കടുത്ത അതൃപ്തി

4. ശബരിമല പ്രശ്നം ഉള്‍പ്പടെ നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അത് വോട്ടാക്കി മാറ്റാന്‍ ഒരു ആസൂത്രണവും സംസ്ഥാന നേതൃത്വത്തിനില്ല എന്ന് ആര്‍.എസ്.എസ്. പ്രധാന നേതാക്കളെ തന്നെ സ്ഥാനാര്‍ത്ഥികള്‍ ആക്കണം എന്നും പ്രചാരണം ഇപ്പോള്‍ തന്നെ തുടങ്ങണം എന്നും ആവശ്യം. കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം എന്നും ആര്‍.എസ്.എസ്

5. നേതാക്കളുടെ എല്ലാം കണ്ണ് പത്തനംതിട്ടയില്‍. ആദ്യം പത്തനംതിട്ടയ്ക്ക് അവകാശവാദം ഉന്നയിച്ചത് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച് ഒരു ലക്ഷത്തില്‍ അധികം വോട്ട് നേടിയ എം ടി രമേശ് ആദ്യം മുതലേ പത്തനംതിട്ടയ്ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്. ഇതിന് ഒപ്പം തന്റെ കര്‍മ മണ്ഡലം പത്തനംതിട്ട ആണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്ത്. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മത്സരിക്കാനേ ഇല്ലെന്നാണ് കണ്ണന്താനത്തിന്റെ നിലപാട്

6. നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. തര്‍ക്കം നിലനിന്നിരുന്ന വയനാട്, വടകര മണ്ഡലങ്ങലിലെയും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നേതൃത്വത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും വയനാട്ടിലെ ഗ്രൂപ്പ് തര്‍ക്കവും പരിഹരിച്ചത് ഹൈക്കമാന്‍ഡ് ഇടപെടലിലൂടെ. വയാനട്ടില്‍ ടി.സിദ്ദിഖും വടകരയില്‍ കെ.മുരളീധരനും സ്ഥാനാര്‍ത്ഥികള്‍

7. വടകരയില്‍ പി.ജയരാജന് എതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മത്സരിക്കാന്‍ തയ്യാറെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ പോരാട്ട ചിത്രം തെളിഞ്ഞു. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. വടകരയില്‍ കെ.മുരളീധരന് അനായാസ ജയം ഉറപ്പെന്ന് മുല്ലപ്പള്ളി. പോരാട്ടത്തിന് തയ്യാറെന്ന് കെ.മുരളീധരന്‍. അക്രമ രാഷ്ട്രീയത്തിന് എതിരെ പോരാടും.

8. സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ജയത്തെ ബാധിക്കില്ലെന്നും മുരളീധരന്‍. വടകരയില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണം എന്ന ആവശ്യം ഉയര്‍ന്നതോടെ മുല്ലപ്പള്ളിയെ വീണ്ടും മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. മത്സരിക്കണം എന്ന ഹൈക്കമാന്‍ഡ് ആവശ്യം മുല്ലപ്പള്ളി നിരസിച്ചതോടെ പ്രവീണ്‍ കുമാറിനെയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്ന് ചര്‍ച്ചകളില്‍ ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ആണ് മുരളീധരന് നറുക്ക് വീണത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥിയാവും

9. കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോയി. അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം. ഇന്നലെ രാത്രിയാണ് സംഭവം. വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് ദേശീയ പാതയ്ക്ക് സമീപം ഇവര്‍ താമസിക്കുന്ന ഷെഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ റോഷന്‍ എന്നയാളെ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അന്വേഷിക്കുന്നു

10. ഇന്ന് രാവിലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടി എടുത്തില്ലെന്ന് ആരോപണം. നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും മാതാപിതാക്കള്‍. കൊല്ല എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു