radhakrishna

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

രാധാകൃഷ്ണ വിഖെ പാട്ടീലാണ് മകൻ സുജയ് വിഖെയ്ക്കു പിന്നാലെ കോൺഗ്രസ് വിട്ടത്. രാധാകൃഷ്ണ വിഖെ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണു സൂചന. വിഖെ പാട്ടീലിന്റെ മകൻ സുജയ് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്.

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായ രാധാകൃഷ്ണ വിഖെയുടെ പാർട്ടി മാറ്റം കോൺഗ്രസിന് ക്ഷീണമാകും.

കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന്റെ ഭാഗമായി അഹമ്മദ്‌നഗർ മണ്ഡലം എൻ.സി.പിക്ക് നൽകിയതാണ് സുജയെ ചൊടിപ്പിച്ചത്. ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സുജയ്.

മകൻ പാർട്ടി വിടാൻ കാരണം എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറാണെന്ന് രാധാകൃഷ്ണ വിഖെ ആരോപിച്ചിരുന്നു. എന്നാൽ ബി.ജെ.പിയിലെത്തിയ സുജയ് വിഖെയെ അഹമ്മദ്‌നഗറിൽ മത്സരിപ്പിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.