അമ്പലപ്പുഴ: അറവുകാട് ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് കൊണ്ടുവന്ന ആനയുടെ കൊമ്പിൽ പിടിച്ചുകൊണ്ട് മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ ശ്രമിച്ചയാളെ ആന കുത്തി വീഴ്ത്തി. പുന്നപ്ര കണ്ണമ്പള്ളി വെളിയിൽ ഗോപാലകൃഷ്ണന്റെ മകൻ റെനീസിനാണ് (43) കുത്തേറ്റത്. കുടൽമാല പുറത്തുചാടിയ റെനീസിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ആനയെ ക്ഷേത്രത്തിനു കിഴക്കുവശം തളച്ചിരിക്കുകയായിരുന്നു. മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ ഇയാൾ അനയുടെ സമീപത്തു ചെന്ന് സെൽഫിക്ക് ശ്രമിക്കുന്നതിനിടെയാണ് ആന പിണങ്ങിയത്. ഈ സമയം പാപ്പാൻമാർ ആരും സമീപത്തുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തെത്തിയ നാട്ടുകാർ ചേർന്ന് റെനീസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.