cpm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. ഇന്ന് വൈകിട്ടു വരെ കോൺഗ്രസിന്റെ മറുപടിക്കായി കാക്കുമെന്നും അതിനുശേഷം മാത്രമേ മറ്റു മണ്ലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകൂവെന്നും നേതാക്കൾ അറിയിച്ചു.

''38 മണ്ഡലങ്ങളിൽ ഞങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴി‌ഞ്ഞു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ കോൺഗ്രസിന്റെ മറുപടിക്കായി കാത്തു നിൽക്കും. മറുപടിയില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥികളുമായി മുന്നോട്ടു പോകും"- ബിമൻ ബോസ് പറഞ്ഞു.

ബി.ജെ.പി- തൃണമൂൽ വിരുദ്ധ ചേരിയിൽ അണിനിരക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസ് മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം വിജയിച്ച രണ്ടു മണ്ഡലങ്ങളടക്കം 11 സീറ്റുകളിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൽ.ഡി.എഫിന്റെ പുതിയ നീക്കം.

കഴിഞ്ഞ ആഴ്ച 25 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സി.പി.എം 17മണ്ഡലങ്ങൾ കോൺഗ്രസിനായി നീക്കിവച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഇത് നിരസിക്കുകയായിരുന്നു.

33 വർഷങ്ങൾ നീണ്ട ബംഗാൾ ഭരണം കൈവിട്ട ഇടതുപക്ഷത്തിന് ഇത്തവണത്തെ ലോക്‌സഭാ പോരാട്ടം നിർണായകമാണ്.