ന്യൂഡൽഹി:മുൻ സുപ്രീംകോടതി ജസ്‌റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി രാഷ്‌ട്രപതി നിയമിച്ചു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കും മറ്റ് ഉന്നതർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വിപുലമായ അധികാരങ്ങളാണ് ലോക്‌പാലിനുള്ളത്. ജസ്‌റ്റിസ് പിനാകി ചന്ദ്ര ഘോഷ് അദ്ധ്യക്ഷനായ സമിതിയിൽ എട്ട് അംഗങ്ങളും ഉണ്ട്. ജസ്റ്റിസ്‌മാരായ ദിലീപ് ബി. ഭോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ്‌കുമാർ ത്രിപാഠി എന്നിവരെ ജുഡിഷ്യൽ അംഗങ്ങളായും മുൻ സശസ്‌ത്ര സീമാ ബൽ മേധാവി അർച്ചന രാമസുന്ദരം, മഹാരാഷ്‌ട്ര മുൻ ചീഫ് സെക്രട്ടറി ദിനേശ് കുമാർ ജയിൻ, മഹേന്ദർ സിംഗ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോൺ ജുഡിഷ്യൽ അംഗങ്ങളായും നിയമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്‌ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് പി. സി. ഘോഷിനെയും അംഗങ്ങളെയും തിരഞ്ഞെടുത്ത് നിയമനത്തിനായി രാഷ്‌ട്രപതിക്ക് ശുപാർശ ചെയ്‌തത്. ഇന്നലെ രാഷ്‌ട്രപതി അതിന് അംഗീകാരം നൽകി.