വടകര: ദിവസങ്ങൾ നീണ്ട തർക്കങ്ങളും അനിശ്ചിതത്വങ്ങളും നീക്കി, കേരളത്തിലെ 16 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏറെ ചർച്ചകൾക്ക് ശേഷം കെ.മുരളീധരനെ വടകരയിൽ പ്രഖ്യാപിച്ചതോടെ തീപാറുന്ന മത്സരത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും. മുരളീധരന് ഏതിരാളിയായി പി.ജയരാജനും എത്തുന്നതോടെ വിജയം ആർക്കൊപ്പം എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിവിശേഷമാണ്. എന്നാൽ വോട്ട് കണക്കുകൾ പരിശോധിച്ചാൽ ജയരാജൻ ഒരു പണത്തൂക്കം മുന്നിലാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത് മുരളീധരനെ കൊണ്ട് മറികടക്കുന്നതിലാണ് കോൺഗ്രസിന്റെ വിജയം.
വടകരയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ കുറ്റ്യാടി ഒഴികെ എല്ലായിടത്തും ശക്തമായ ഇടതു സ്വാധീനം നിലനിൽക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലും തലശ്ശേരിയിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കിട്ടിയ ഭൂരിപക്ഷം 46000ത്തിൽപരമാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്കെതിരായി എ.എൻ ഷംസീർ വെറും 3000 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. ഇതു മറികടക്കാൻ ജയരാജനെ കൊണ്ട് സാധിക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിന് സംശയമില്ല.
എന്നാൽ ഇക്കാര്യങ്ങൾ മറികടക്കാൻ മുരളീധരന് ചിലകാര്യങ്ങൾ പ്രചരണത്തിൽ ഉപയോഗിക്കേണ്ടിവരും. ഇതിൽ അരിയിൽ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ടി.പി ചന്ദ്രശേഖരന്റെയും കൊലപാതകം എണ്ണിപ്പറയാനാവും യു.ഡി.എഫ് ശ്രമിക്കുക. ഇതുകൂടാതെ മലബാറിന്റെ സാമുദായിക സമവാക്യങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താൻ മുരളിധരനറിയാം. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്ന മുരളീധരന്റെ പ്രതിഛായ വോട്ടാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
ന്യൂനപക്ഷ വോട്ടുകളും സ്ത്രീവോട്ടുകളും അക്രമരാഷ്ട്രീയം പറഞ്ഞ് പിടിക്കാമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ വടകരയിൽ പിഴക്കില്ലെന്നാണ് നേതൃത്വം കരുതുന്നത്.