തുടർച്ചയായി ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച് കയറിയപ്പോഴും വടകരയെ ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരിൽ അധികവും. ഒഞ്ചിയത്തെ മണ്ണിൽ പടർന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പക വോട്ടുകളായെത്തി ഇടതിനെ വടകരയിൽ അടിയറവ് പറയിപ്പിച്ചതാണെന്ന ചരിത്രസത്യം മനസിലാക്കിയവരാണ് വടകരയെ ഇടത് കോട്ടയെന്ന വിശേഷണത്തിൽ ഇപ്പോഴും കെട്ടിനിർത്തുന്നത്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകൾക്ക് വഴുതിപ്പോയ വടകരയെ പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാണ് സി.പി.എം ഇക്കുറി മത്സരത്തിനിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി വടകരയിൽ തീ പാറുന്ന പോരാട്ടം ഉറപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്. കെ.കരുണാകരന്റെ പുത്രനും എം.എൽ.എയുമായ കെ. മുരളീധരനെയാണ് വടകരയിലേക്ക് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് മുൻപ് തന്നെ ആർ.എം.പി യു.ഡി.എഫിന് പിന്തുണ വാഗ്ദ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ എഴുത്തുകാരിയായ ശാരദക്കുട്ടിയുടെ ഒരു പോസ്റ്റാണ് ഏറെ ചർച്ചയാവുന്നത്.
സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും എന്ന് തുടങ്ങുന്ന ഫേസ്ബുക്കിലെ കുറിപ്പിൽ അടിയന്തരാവസ്ഥക്കാലത്ത് മകൻ നഷ്ടമായ ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരിനെ ശാരദക്കുട്ടി ഓർക്കുന്നു, ഈ ദുഖത്തെ ഭർത്താവിനെ നഷ്ടമായ കെ.കെ.രമയുടെ ദുഖത്തിനോട് ചേർത്ത് നിർത്തുകയാണ് അവർ ചെയ്യുന്നത്. അതേ സമയം പോസ്റ്റിന് താഴെയായി വിമർശകർ അച്ഛൻ ചെയ്തതിന് മോനെന്ത് പിഴച്ചുവെന്ന് ആവർത്തിച്ച് ചോദിക്കുകയാണ്. ഇതിന് മറുപടിയായി അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതുമെന്ന് മറുപടി നൽകുകയാണ് ശാരദക്കുട്ടി ചെയ്യുന്നത്. അതേ സമയം കേരളത്തിൽ സമീപകാലത്തുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് സാംസ്‌കാരിക നായകൻമാരുടെ മൗനത്തെയും ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.
കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്.
ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല.
എസ്.ശാരദക്കുട്ടി
20.3.2019