ന്യൂഡൽഹി: അടുത്തിടെ വരെ ഏഷ്യയിലെ ഏറ്റവും മോശം കറൻസി എന്ന ചീത്തപ്പേരാണ് ഇന്ത്യൻ കറൻസിക്ക് ഉണ്ടായിരുന്നത്.എന്നാൽ കഴിഞ്ഞ അഞ്ച് ആഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യൻ രൂപ ഏഷ്യയിലെ മികച്ച കറൻസിയായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം അധികാരത്തിലേറുമെന്ന വിവിധ സർവേ ഫലങ്ങളാണ് രൂപയ്‌ക്ക് മുതൽകൂട്ടായത്. ഇതിന്റെ ചുവടു പിടിച്ച് പ്രാദേശിക തലങ്ങളിലെ ഓഹരി ക്രയവിക്രയങ്ങളും ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു.
മോദി തന്നെ അധികാരത്തിലേറുകയാണെങ്കിൽ രൂപ ഇനിയും നില മെച്ചപ്പെടുത്തുമെന്ന് കറൻസി സ്‌ട്രാറ്റജിസ്‌റ്റും സിംഗപ്പൂരിലെ സ്‌കോട്ടിയ ബാങ്ക് ഉദ്യോഗസ്ഥനുമായ ഗാവോ കി വ്യക്തമാക്കുന്നു. മാർച്ച് 18 വരെ 3.3 ബില്യൺ ഡോളറിന്റെ ഓഹരികളാണ് വിദേശികൾ വാങ്ങി കൂട്ടിയത്. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം ഇതിൽ 1.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ദേശീയ മാദ്ധ്യമങ്ങളടക്കം നടത്തിയ സർവേയിൽ 272 സീറ്റു നേടി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിലേറുമെന്ന പ്രവചനമാണ് നടത്തിയത്. തിരഞ്ഞെടുപ്പിൽ ബാലാകോട്ട് എയർസ്‌ട്രൈക്ക് അടക്കം പലസാഹചര്യങ്ങളും മോദിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ജനുവരിയിൽ ആയിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രവചിച്ചതിനേക്കാൾ 21 സീറ്റോളം എൻ.ഡി.എയ്ക്ക് കുറഞ്ഞേനെയെന്ന് സർവേ പറയുന്നു. അതിനു ശേഷം ജനപ്രിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയ ബഡ്‌ജറ്റും, ബാലാക്കോട്ട് ആക്രമണവുമെല്ലാം കാര്യങ്ങൾ മാറ്റിമറിച്ചെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.