ഇറ്റാനഗർ: ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി ട്വിറ്ററിൽ ആരംഭിച്ച 'ചൗക്കിദാർ' ക്യാംപെയിനെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
"താങ്കൾ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോൾ എന്തിനാണ് നിങ്ങളുടെ (ബിജെപി) നേതാക്കളെ കാവൽക്കാരായി മാറ്റിയിരിക്കുന്നത്? ഇറ്റാനഗറിൽ നടന്ന പ്രചരണ റാലിയിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ക്യാംപെയിനെ പരിഹസിച്ചത്. റാഫേൽ കരാറിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. റാഫേൽ കരാർ ചൂണ്ടിക്കാട്ടി കാവൽക്കാരൻ തന്നെ കള്ളനായാൽ രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തേ ചോദിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണ തന്ത്രമായി ബി.ജെ.പി ട്വിറ്ററിൽ ചൗക്കിദാർ ക്യാംപെയിൻ ആരംഭിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി എല്ലാ നേതാക്കളും പേരിനൊപ്പം ചൗക്കിദാർ എന്ന് ചേർത്തതോടെ ക്യാംപെയിൻ തരംഗമാവുകയും ചെയ്തു.
ഇതിനോടകം 20ലക്ഷത്തിലധികം പേരാണ് ക്യാംപെയിന്റെ ഭാഗമായത്. സംഭവം വൻവിജയമായതോടെ ക്യാംപെയിന്റെ ഭാഗമായി പുറത്തിറക്കിയ ഗാനം മൊബൈലിൽ കോളർ ട്യൂണായി സെറ്റ് ചെയ്യാനുള്ള സൗകര്യവും ബി.ജെ.പി ഒരുക്കിയിട്ടുണ്ട്. ഈ സാചര്യത്തിലായിരുന്നു ബി.ജെ.പിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ജാമ്യത്തിലുള്ളവരും എന്തെങ്കിലും കാര്യങ്ങൾ ഒളിപ്പിക്കാനുള്ളവരുമാണ് ചൗക്കിദാർ ക്യാംപെയിനെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.