narendra-modi

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ. രണ്ടാം ഊഴത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഷ്‌ടപ്രതാപം തിരികെ പിടിച്ച് പ്രധാനമന്ത്രി പദത്തിൽ എത്താൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒത്തുകിട്ടിയാൽ പ്രധാനമന്ത്രിയാകാൻ മമതാ ബാനർജി അടക്കമുള്ള പ്രാദേശിക കക്ഷി നേതാക്കളും രംഗത്തിറങ്ങുന്നതോടെ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ തീപാറുമെന്ന് ഉറപ്പാണ്. നരേന്ദ്ര മോദിയെന്ന ഒറ്റയാനെ മുൻനിറുത്തിയാണ് 2014ൽ ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇന്ന് കാര്യങ്ങൾ മാറി. അഞ്ച് വർഷം മുമ്പ് ഉണ്ടായിരുന്ന മോദി തരംഗം ഇപ്പോൾ ഉണ്ടെന്ന് സമ്മതിക്കാൻ ബി.ജെ.പി നേതൃത്വത്തിന് തന്നെ കഴിയുന്നില്ല. പിന്നെ എങ്ങനെ മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. മോദിയുടെ രണ്ടാമൂഴത്തിനുള്ള സാധ്യതകളും വെല്ലുവിളികളും ഇങ്ങനെ.

അഭിപ്രായ വോട്ടെടുപ്പിൽ മോദി മുന്നിൽ

വിവിധ ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ അഭിപ്രായ സ‌ർവേകളിൽ കൂടുതൽ പേരും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ വേണമെന്ന് അഭിപ്രായപ്പെട്ടവരാണ്. ടൈംസ് ഒഫ് ഇന്ത്യ ഫെബ്രുവരി 11മുതൽ 20 വരെ നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മോദിക്ക് രണ്ടാമൂഴം പ്രവചിക്കുന്നു. ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 83.89 ശതമാനം പേർ നരേന്ദ്രമോദി എന്നഭിപ്രായപ്പെട്ടപ്പോൾ രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത് 8.33 ശതമാനം പേർ. മമതയെ പ്രവചിച്ചത് 1.44 ശതമാനം പേരാണെങ്കിൽ മായാവതിക്ക് 0.43 ശതമാനം പേരെ സാദ്ധ്യത കാണുന്നുള്ളു. മറ്രാരെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നത് 5.92 ശതമാനം പേരാണ്‌. റിപ്പബ്ലിക് ടിവിയും സി വോട്ടറുമായി സഹകരിച്ച് നടത്തിയ ദേശീയ അംഗീകാര സർവേയിലും മോദി തന്നെയാണ് താരം. അടുത്തിടെ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണവും കേന്ദ്രബഡ്‌ജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളുമാണ് മോദിയുടെ ജനപ്രീതി ഉയരാൻ കാരണമായത്. മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്ന സർവേ ഫലങ്ങൾക്ക് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യം വൻ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോദിയുടെ അനുകൂല ഘടകങ്ങൾ

narendra-modi

 സർജിക്കൽ സ്ട്രൈക്ക്, വ്യോമാക്രമണം

നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യ പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുകയും ഭീകരവാദത്തെ ശക്തമായി അമർച്ച ചെയ്‌തുവെന്നുമാണ് ബി.ജെ.പി അനുകൂല കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. പുൽവാമ കൂട്ടക്കൊലയ്‌ക്ക് പാകിസ്ഥാനിലെത്തി പകരം വീട്ടാൻ മോദിക്ക് മാത്രമേ കഴിഞ്ഞുള്ളൂവെന്നും ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ മോദി തന്നെ വേണമെന്നുമാണ് ബി.ജെ.പിയുടെ പ്രചാരണ തന്ത്രം. എന്നാൽ പുൽവാമ അക്രമത്തെയും സൈന്യത്തെയും തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോദി ഭരണത്തിന് കീഴിലെ 18ആമത് ഭീകരാക്രമണമാണ് പുൽവാമയെന്ന് മറക്കരുതെന്ന് പ്രതിപക്ഷവും പറയുന്നു.

ബഡ്‌ജറ്റ് 2019

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ മോദി സർക്കാരിന്റെ ബഡ്‌ജറ്റ് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ കുത്തിനിറച്ചതായിരുന്നു. കർഷകർക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും ആദായ നികുതി പരിധി ഉയർത്താനുമുള്ള പ്രഖ്യാപനവും രാജ്യത്തെ ഭൂരിഭാഗത്തിനെയും സ്വാധീനിച്ചതായാണ് കണക്ക്. മോദി അധികാരത്തിൽ എത്തിയാൽ ഇനിയും ജനപ്രിയ പ്രഖ്യാപനങ്ങൾ തുടരുമെന്ന പ്രതീക്ഷയും ജനങ്ങൾക്കുണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ആർ.എസ്.എസ് പിന്തുണ

ആർ.എസ്.എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മോദി അല്ലാതെ ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ജനപ്രിയ മുഖമെന്ന നിലയിൽ മോദിയെ തന്നെ ആർ.എസ്.എസ് മുന്നോട്ട് വയ്‌ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തീവ്രദേശീയത

ഹിന്ദുത്വ അജൻഡ മുന്നോട്ട് വയ്‌ക്കുന്ന ബി.ജെ.പിയും സംഘപരിവാർ പ്രസ്ഥാനങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും തീവ്രദേശീയതയിൽ ഊന്നിയുള്ള പ്രചാരണത്തിനാണ് ചുക്കാൻ പിടിക്കുന്നത്. പുൽവാമ ആക്രമണത്തെയും പിന്നീട് നടത്തിയ വ്യോമാക്രമണത്തെയും രാജ്യസ്‌നേഹത്തിന്റെ മേമ്പൊടി ചാലിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിച്ചു.

മോദിക്ക് പ്രതികൂലം ഈ ഘടകങ്ങൾ

narendra-modi

2014ലെ പ്രതിപക്ഷമല്ല ഇപ്പോൾ

രാഷ്ട്രീയ പാർട്ടികളെ അസ്ഥാനത്താക്കി മോദിയെന്ന വ്യക്തിയിൽ മാത്രം ശ്രദ്ധേകേന്ദ്രീകരിച്ച തിര‌ഞ്ഞെടുപ്പായിരുന്നു 2014ലേതെങ്കിൽ ഇപ്പോൾ കാര്യങ്ങൾ മാറി. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട പ്രതിപക്ഷം മുമ്പെങ്ങും കാണാത്ത രീതിയിലുള്ള പ്രചാരണവുമായി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരിക്കുകയാണ്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നതും വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ പരസ്പര സഹകരണത്തോടെ മത്സരിക്കാൻ തീരുമാനിച്ചതും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഉറപ്പ്.

ഭൂരിപക്ഷം കിട്ടുമോ?

തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എക്ക് ലഭിക്കുമെന്നാണ് വിവിധ സർവേകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രാദേശിക പാർട്ടികൾ അടക്കി വാഴുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് എത്രത്തോളം പ്രകടനം കാഴ്‌ച വയ്‌ക്കാൻ കഴിയുമെന്ന കാര്യം സംശയമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഫലത്തെക്കുറിച്ച് വ്യക്തമായൊന്നും പറയാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം

പാളയത്തിൽ തന്നെ പട

മോദിയ്ക്ക് പകരം പ്രധാനമന്ത്രിയാവാൻ കുപ്പായം തയ്‌ച്ച് വച്ചിരിക്കുന്നവർ ബി.ജെ.പിയിൽ തന്നെ നിരവധിയുണ്ട്. മുൻ പാർട്ടി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുമാണ് ഇക്കൂട്ടത്തിലെ പ്രധാനി. ഗഡ്‌കരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയാൽ പിന്തുണയ്‌ക്കാമെന്ന് ശിവസേന അടക്കമുള്ള സഖ്യകക്ഷികളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവർ പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

narendra-modi

മോദിയല്ലെങ്കിൽ പിന്നെയാര്?

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി അല്ലെങ്കിൽ പിന്നെയാരെന്ന ചോദ്യത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നായിരുന്നു മിക്ക സർവേകളും ഉത്തരം കണ്ടെത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിക്ക് പകരം ആരെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. 38 ശതമാനം വോട്ടുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തൊട്ടുപിന്നിലുണ്ട്.