abduction-case

ഓ‌ച്ചിറ: കൊല്ലത്ത് ദേശീയപാതയോരത്ത് രാജസ്ഥാൻ സ്വദേശിയായ 14കാരിയെ തട്ടിക്കൊണ്ടുപോയത് പെൺവാണിഭം ലക്ഷ്യമാക്കിയെന്ന് സൂചന. ബംഗളുരുവിൽ ക്യാമ്പ് ചെയ്യുന്ന കേരളാ പൊലീസ് അവിടുത്തെ പൊലീസുമായി ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. റെയിൽവേ പൊലീസും ട്രെയിനുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കി. സി.പി.ഐ‌ പ്രാദേശിക നേതാവിന്റെ മകനും വലിയകുളങ്ങര സ്വദേശിയുമായ മുഹമ്മദ് റോഷനാണ് മുഖ്യപ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ പിടിയിലായി. ചങ്ങൻകുളങ്ങര സ്വദേശി വിപിൻ, തട്ടിക്കൊണ്ട് പോകുന്നതിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഓച്ചിറ പായിക്കുഴി സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്. കാർ കായംകുളം ടൗണിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുഖ്യ പ്രതി മുഹമ്മദ് റോഷന്റെ നിർദ്ദേശപ്രകാരം അനന്തുവും വിപിനും കാർ കായംകുളത്ത് ഉപേക്ഷിച്ചെന്നാണ് ഇരുവരും പൊലീസിന് മാെഴി നൽകിയത്. മുഹമ്മദ് റോഷനെ കൂടാതെ പായിക്കുഴി സ്വദേശി പ്യാരിയുമാണ് പെൺകുട്ടിയുമായി ബംഗളുരുവിലേക്ക് പോയതെന്ന് പൊലീസ് സംശയിക്കുന്നു. റെന്റ് എ കാർ ബിസിനസ് നടത്തുന്ന കുലശേഖരപുരം സ്വദേശിയുടേതാണ് കാർ.

പ്രതികളുടെ സുഹൃത്തായ യുവാവ് സ്ഥാപനം നടത്തുന്ന ആളുടെ ബന്ധുവാണ്. ഈ പരിചയത്തിലാണ് കാർ വാടകയ്‌ക്കെടുത്തത്. റെന്റ് എ കാർ സ്ഥാപനം നടത്തുന്ന ആളെയും ബന്ധുവിനെയും പൊലീസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുഖ്യപ്രതി റോഷന്റെ മാതാവിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് ദൂരെ കൊണ്ടുപോകാനെന്ന വ്യാജേനയാണ് വാഹനം തരപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദേശീയപാതയോരത്ത് മൺപ്രതിമകൾ നിർമ്മിച്ചു വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളെ അക്രമി സംഘം ക്രൂരമായി മർദ്ദിച്ചശേഷം വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

എതിർക്കാൻ ശ്രമിച്ച പിതാവിന് മർദ്ദനത്തി​ൽ കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. ദമ്പതി​കളും എട്ടുമക്കളും മൂന്ന് വർഷമായി അടച്ചുറപ്പില്ലാത്ത വാടക വീട്ടി​ലാണ് താമസം. ഒരാഴ്ച മുമ്പും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒന്നര വർഷത്തിന് മുമ്പ് ഇതേ വീട്ടിൽ ഓടിളക്കി കയറി 25,000 രൂപ അപഹരിച്ച കേസില പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. റോഷനൊപ്പം പെൺകുട്ടിയുമായി കടന്ന പായിക്കുഴി സ്വദേശി പ്യാരി ദേശീയപാതയിൽ അച്ഛനെയും മകനെയും ആക്രമിച്ച് 25,000 രൂപ അപഹരിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയത് ആഴ്ചകൾ മുമ്പാണ്.

കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയെ രാത്രിയിൽ വീട്ടിൽ കയറി കടന്നുപിടിക്കാൻ ശ്രമിച്ച കേസി​ലും പൊലീസ് പ്യാരിയെ തെരയുകയാണ്. ഓച്ചിറ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ഇവർ ഉൾപ്പെട്ട പലകേസുകളും രാഷ്ട്രീയ സ്വാധീനത്താൽ ഒതുക്കിത്തീർക്കുക പതിവായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന ലോബിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.