ടെലിവിഷൻ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി രേഖ രതീഷ്. യാത്രകളാണ് രേഖയുടെ ഇഷ്‌ടവിനോദങ്ങളിൽ ഒന്ന്. അത്തരത്തിൽ മുംബയിലെ ഒരു ലോക്കൽ ട്രെയിനിൽ നടത്തിയ യാത്രയെ കുറിച്ച് പറയുകയാണ് രേഖ. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ അനുഭവം നടി പങ്കുവച്ചത്.
'മുംബയ് യാത്രയിൽ രസകരമായ അനുഭവം ഉണ്ടായി. എന്റെ ആദ്യത്തെ മുംബയ് യാത്ര ഇന്നും മറക്കാനാവില്ല. എന്റെ ആന്റിയും കുട്ടികളുമൊക്കെ അവിടെയുണ്ട്. ആന്റിയുടെ മക്കളുമായി ഒരു ബെറ്റ് വെച്ചു. എന്താണെന്നോ? അവിടുത്തെ ലോക്കൽ ട്രെയിനിൽ അവരോടൊപ്പം കയറി തിരിച്ച് അവരോടോപ്പം കൃത്യമായി പറഞ്ഞിരിക്കുന്ന സ്‌റ്റേഷനിൽ ഇറങ്ങുക. ഇതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു എന്റെ ചോദ്യം. അവിടുത്തെ ലോക്കൽ ട്രെയിനിൽ നല്ലതിരക്കാണ്.
സൂചികൂത്താൻ പോലും ഇടയില്ലാത്തത്ര തിരക്ക്. ഓരോ സ്‌റ്റേഷനിലും ഇത്ര മിനിറ്റു മാത്രമേ ട്രെയിനിന് സ്‌റ്റോപ്പുള്ളൂ. ഓരോ സ്‌റ്റേഷനിലും ഇറങ്ങാനും കയറാനുമായി ഒരുപാട് ആളുകളുമുണ്ട്. സത്യത്തിൽ മുൻപരിചയമുളളവർക്കു മാത്രമേ കൃത്യമായി സ്‌റ്റേഷനിൽ ഇറങ്ങാൻ പറ്റുള്ളൂ. അത്രയും തിരക്കാണ്. മിക്കവരും ഇറങ്ങേണ്ട സ്‌റ്റേഷനിൽ ഇറങ്ങാതെ അടുത്ത സ്‌റ്റേഷനിൽ ഇറങ്ങേണ്ട അവസ്ഥയാണ്. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു. ഞാൻ ആദ്യമായല്ലേ ഇങ്ങനെയൊരു യാത്രയും ചാലഞ്ചും ഏറ്റെടുക്കുന്നത്. ഒന്നും ആലോചിച്ചില്ല, ട്രെയിൻ യാത്രയ്ക്കു തയാറായി.
പണക്കാരും സാധാരണക്കാരും ഉൾപ്പെടെയുള്ള ആളുകൾ ട്രെയിനിൽ കയറാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ വന്നതും ഞാൻ ഒരുവിധം കയറിപ്പറ്റി. ഭയങ്കര തിരക്കായിരുന്നു. അവർ പറഞ്ഞിരുന്ന സ്‌റ്റേഷനെത്തുന്നിടം വരെ അതീവശ്രദ്ധയോടെ നിന്നു. ഈശ്വരാനുഗ്രഹത്താൽ ബെറ്റിൽ ഞാൻ തന്നെ വിജയിച്ചു. കൃത്യമായി അവർ പറഞ്ഞിരുന്ന സ്‌റ്റേഷനിൽ എനിക്ക് ഇറങ്ങാൻ സാധിച്ചു. മുംബയ് യാത്രയിലെ നല്ലൊരു അനുഭവമായിരുന്നു ആ ട്രെയിൻ യാത്ര.