ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരം പിടിച്ചെടുക്കാൻ വിവിധ പദ്ധതികൾ തയ്യാറാക്കുകയാണ് ഓരോ പാർട്ടികളും. അതിനായി എല്ലാ സാദ്ധ്യതകളും ഉപയോഗിക്കുകയാണ് എല്ലാ നേതാക്കന്മാരും അണികളും. എന്നാൽ കേരളത്തിന് അശുഭകരമായ വാർത്തകളടങ്ങുന്ന പ്രകടന പത്രികകളുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല എന്നതാണ് ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികളുടെ പ്രകടന പത്രികയിൽ പ്രധാനമായി ഉയർത്തിക്കാട്ടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152അടിയാക്കി ഉയർത്തുന്നതിനുള്ള ശ്രമം തുടരുമെന്നും പ്രകടന പത്രികയിൽ പറയുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്കുന്നതിനുള്ള ശ്രമങ്ങളിൽ മുൻകൈയെടുക്കുക, നീറ്റ്‌പരീക്ഷയിൽ തമിഴ്നാടിനെ ഒഴിവാക്കുക എന്നിങ്ങനെ ഏറെ സമാനതകളുണ്ട് ഇരുമുന്നണികളുടെയും പ്രകടന പത്രികയ്ക്ക്.
തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് അണ്ണാ ഡി.എം.കെ പറയുമ്പോൾ പരീക്ഷ തന്നെ റദ്ദാക്കുമെന്നാണ് ഡി.എം.കെയുടെ വാഗ്ദാനം. കൂടാതെ പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവിക്കായി ശ്രമിക്കുമെന്ന് ഇരു പാർട്ടികളും പറയുന്നുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്.
വിദ്യാഭ്യാസം കേന്ദ്ര പട്ടികയിൽ നിന്ന് സംസ്ഥാനത്തിന്റെ കീഴിലേക്കു മാറ്റും, സ്വകാര്യ മേഖലയിൽ ദളിത് പിന്നോക്ക സംവരണത്തിനായി പ്രവർത്തിക്കും, വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുക, തിരുച്ചിറപ്പള്ളി, മധുര, സേലം നഗരങ്ങളിൽ മെട്രോ റെയിൽ സംവിധാനങ്ങൾ കൊണ്ടുവരിക, വിദ്യാര്‍ത്ഥികൾക്ക് ട്രെയിനിൽ സൗജന്യയാത്ര അനുവദിക്കുക, ന്യൂട്രിനോ ഹൈഡ്രോ കാർബൺ പദ്ധതികൾ നിർത്തി വെയ്ക്കും എന്നിങ്ങനെ ഇരുപാർട്ടികളും പ്രകടന പത്രികയിലൂടെ നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം സമാനതകൾ പുലർത്തുന്നതാണ്.