pinarayi-vijayan

തിരുവനന്തപുരം: കർഷകരുടെ വായ്‌പകൾക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എന്തു കൊണ്ടാണ് വൈകിയതെന്നും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉത്തരവിറങ്ങേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉത്തരവ് ഇറക്കാൻ വൈകിയതിന് കൃഷിമന്ത്രി ഇന്നലെ പരസ്യമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമശനം. മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്നതാണ് പതിവെന്ന് വി.എസ് സുനിൽകുമാർ ഇന്നലെ പറഞ്ഞിരുന്നു. കാർഷിക വായ്‌പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ, മാർച്ച് അഞ്ചാം തീയതി ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പക്ഷെ മാർച്ച് പത്താം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മാതൃകാ പെരുമാറ്റചട്ടം നിലവിൽവരികയും ചെയ്യുന്നത് വരെ, മൊറട്ടോറിയം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയില്ല.

കൃഷിവകുപ്പ് ഉത്തരവിറക്കിയിട്ടും മറ്റ് വകുപ്പുകൾ നടപടി വൈകിച്ചത് എന്താണെന്ന് അറിയില്ലെന്ന് കൃഷിമന്ത്രി വി. എസ്.സുനിൽ കുമാർ പറഞ്ഞു. അതേസമയം,​ കർഷകർക്ക് ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുശേഷം പുതിയ ഉത്തരവിറങ്ങും. എന്നാൽ,​ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങൾ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തെതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.