bjp-congress-

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതോടു കൂടി കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി വടകര മാറിക്കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന് കടുത്ത പ്രയോഗി തന്നെയാണ് മുരളീധരൻ എന്നതിൽ സംശയമൊന്നുമില്ല. കോഴിക്കോടിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാർലമെന്റിലെത്തിയതും ലീഡർ കരുണാകരന്റെ മകന് മുതൽകൂട്ടാണ്. എന്നാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ എം.എൽ.എ കൂടിയാണ് മുരളീധരൻ. രണ്ട് തവണയാണ് വട്ടിയൂർക്കാവിലെ വോട്ടർമാർ മുരളീധരനെ നിയമസഭയിലെത്തിച്ചത്. എന്നാൽ 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തൊതുങ്ങേണ്ടി വന്നത് മുരളിയുടെ വ്യക്തിപ്രഭാവവും ശക്തമായ സംഘടനാ അടിത്തറയും കൊണ്ടു മാത്രമാണ്. അതുകൊണ്ടു തന്നെ വടകരയിൽ മുരളി ജയിച്ചാൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസവും അവിടുത്തെ ബി.ജെ.പി പ്രവർത്തകർക്കുണ്ട്.

ഇതുമുന്നിൽ കണ്ടുകൊണ്ട് വടകരയിൽ മുരളീധരനു വേണ്ടി ബി.ജെ.പി പ്രവർത്തിക്കുമെന്ന് ഏതാണ്ടുറപ്പാണ്.ബി.ജെ,പിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്‌‌ഡലത്തിൽ എഴുപത്തിയാറായിരം വോട്ടാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി പതിനായിരത്തിലധികം വോട്ടും താമരയ്‌ക്ക് ലഭിച്ചു. ഇത് മുരളീധരന് അനുകൂലമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിൽ രണ്ടുണ്ട് കാര്യം, ഒന്ന് മുൻപ് സൂചിപ്പിച്ചതുപോലെ മുരളിയെ വടകരയിലേക്ക് വിട്ട് വട്ടിയൂർക്കാവ് പിടിച്ചെടുക്കുക. രണ്ട് ബദ്ധവൈരിയായ പി.ജയരാജനെ പിടിച്ചു കെട്ടുക.

അടുത്തനിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തിനായി ഒ.രാജഗോപാൽ ഒരിക്കൽ കൂടി ഇറങ്ങിയാൽ പോലും വിജയം കൈയെത്താദൂരത്തായിരിക്കുമെന്ന അഭിപ്രായം ബി.ജെ.പി ക്യാമ്പിനുള്ളിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ലോക്‌സഭയിൽ തോറ്റാലും നിയമസഭയിൽ കുമ്മനത്തെ വീണ്ടുമിറക്കി മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.