തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിക്കാൻ ആർ.എസ്.എസ് നിർദ്ദേശിച്ചതിന് പിന്നിൽ നിർണായകമായത് ശബരിമല പ്രക്ഷോഭം. ബി.ജെ.പിയുടെ മറ്റ് നേതാക്കൾ മടിച്ച് നിന്നപ്പോൾ ശക്തമായി രംഗത്തിറങ്ങി അറസ്‌റ്റ് വരിച്ചതും ജയിലിൽ കിടന്നതും സുരേന്ദ്രനെ തുണച്ചു. വോട്ടർമാർക്കിടയിൽ അനുകൂല തരംഗം ഉണ്ടാക്കാൻ സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യവും നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയതോടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിച്ചിരുന്നത് മുതിർന്ന നേതാവായ കെ.സുരേന്ദ്രനാണ്. പദവിക്ക് വേണ്ടി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമായതോടെ ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരൻപിള്ളയെ അദ്ധ്യക്ഷനാക്കാൻ ആർ.എസ്.എസ് നേതൃത്വം നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ശബരിമല പ്രക്ഷോഭം വരുന്നത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ട ശ്രീധരൻപിള്ള പിറകോട്ട് മാറി നിന്നപ്പോൾ സന്നിധാനത്തെത്തി നാമജപത്തിൽ പങ്കെടുത്തത് കെ.സുരേന്ദ്രനാണ്. സർക്കാർ സംവിധാനങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ചപ്പോൾ കാനനപാത വഴി സാഹസികമായാണ് സുരേന്ദ്രനും സംഘവും ഇവിടെത്തിയത്. പിന്നീട് പൊലീസ് പിടിയിലാകുന്നതും വിവിധ കേസുകൾ ചുമത്തി നിരവധി ദിവസങ്ങൾ ജയിലിൽ ഇട്ടതും വോട്ടാകുമെന്നാണ് ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ.
അതേസമയം, പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബി.ജെ.പി അണികളും നേതൃത്വവും രണ്ടു തട്ടിലായതോടെ കേരളത്തിലെ പ്രശ്നങ്ങൾ രൂക്ഷമാണെന്ന് മനസ്സിലാക്കിയ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വം നൽകിയ സ്ഥാനാർത്ഥി പട്ടിക വെട്ടിത്തിരുത്തി. ശബരിമല സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്നാണ് പാർട്ടി അണികളുടെ നിലപാട്. ഇതിന് വിരുദ്ധമായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പേരുമായി ചെന്ന കേരള നേതാക്കളുടെ ലിസ്റ്ര് കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. തീരുമാനം തങ്ങളെടുത്തുകൊള്ളാം എന്നു പറഞ്ഞ് അവരെ പറഞ്ഞയക്കുകയായിരുന്നു.
പ്രവർത്തകരുടെയും അനുഭാവികളുടെയും വികാരത്തെ മാനിക്കാത്ത ലിസ്റ്രാണ് സംസ്ഥാന നേതൃത്വം കൊണ്ടുവന്നതെന്ന നിഗമനത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. അതിനാൽ സംസ്ഥാനം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. ആർ.എസ്. എസിനും പത്തനംതിട്ടയിൽ സുരേന്ദ്രനെ നിറുത്തുന്നതിനോടാണ് താല്പര്യം. ആർ. എസ് എസ് സംസ്ഥാന ഘടകവും കേന്ദ്രത്തിലെ നേതാക്കളും സുരേന്ദ്രനെ നിറുത്തണമെന്നാണ് ആവശ്യപ്പെട്ടത്.
അർദ്ധരാത്രി രണ്ടുമണിയോടെയാണ് ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്രിയോഗം അവസാനിച്ചത്. 12.10 മുതൽ 12.30 വരെയായിരുന്നു കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തത്. തുടർന്ന് വിളറിയ മുഖവുമായാണ് കേരളത്തിൽ നിന്നുള്ള നേതാക്കൾ പുറത്തേക്ക് വന്നത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, മുൻ പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശ്, സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ് എന്നിവരാണ് കേരളത്തിൽ നിന്ന് ചർച്ചയ്ക്കെത്തിയത്.
തലേ ദിവസം കേരള ഹൗസിൽ പത്രസമ്മേളനം നടത്തി താൻതന്നെ സ്ഥാനാർത്ഥിയാവുമെന്ന് വ്യംഗ്യമായി സൂചന നൽകിയ ശ്രീധരൻ പിള്ള ഇന്നലെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മാദ്ധ്യമ പ്രവർത്തകരെ കാണാൻപോലും കൂട്ടാക്കിയില്ല. കൂടെയുണ്ടായിരുന്ന പി.കെ.കൃഷ്ണദാസാണ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചത്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ വാദം. സാമുദായിക പരിഗണനയും ന്യൂനപക്ഷ വോട്ട് നേടാനുള്ള ശ്രീധരൻ പിള്ളയുടെ കഴിവുമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാൽ ഇക്കാര്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. അപ്പോഴേക്കും ആയിരക്കണക്കിന് പരാതികൾ കേന്ദ്രനേതൃത്വത്തിന് കിട്ടിയിരുന്നു. ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയാൽ പത്തനംതിട്ടയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും സംഘടനാപരമായ അച്ചടക്കം തകരുമെന്നും ആർ.എസ്.എസും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ടയിൽ സുരേന്ദ്രനെ നിറുത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം മറ്ര് മണ്ഡലങ്ങളിലുമുണ്ടാകുമെന്നും സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്നും ആർ.എസ്. എസ് നേതൃത്വം ബി.ജെ.പിയിലെ ഉന്നതരെ അറിയിക്കുകയായിരുന്നു.