ദുബായ്: ചായകുടിച്ച ശേഷം കുതിരലായത്തിലെ 48 തൊഴിലാളികൾ കുഴഞ്ഞുവീണ സംഭവത്തിന്റെ ചുരുളഴിച്ച് ദുബായ് പൊലീസ്. ദുബായ് ഫെസ്റ്റിവെൽ സിറ്റിയിൽ നടന്ന പന്ത്രണ്ടാമത് ഇന്റർനാഷണൽ സിംപോസിയത്തിൽ സംസാരിക്കവെയാണ് സ്പെഷ്യലൈസ്ഡ് ഫോറൻസിക് സെക്ഷൻ ഡയറക്ടർ എബ്റ്റിസം അൽ അബ്ദോലി ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചത്.
കുതിരലായത്തിലെ ജോലിക്കാരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചതാണ് ഒരുമിച്ച് മയങ്ങി വീഴാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യം ഞങ്ങൾ കരുതിയത് ഇത് ഭക്ഷ്യവിഷബാധ ആയിരിക്കുമെന്നാണ്. എന്നാൽ പിന്നീടാണ് കാര്യം വ്യക്തമായത്. കുതിരലായത്തിലെ ജോലിക്കാരിൽ ഒരാൾ കുതിരകൾക്ക് നൽകുന്ന വേദനസംഹാരി ക്ലിനിക്കിൽ നിന്നെടുത്ത് ചായയിൽ കലർത്തുകയായിരുന്നു. - എബ്തിസാം അൽ അബ്ദോലി വിശദമാക്കി.
മയങ്ങി വീണ 48പേർക്കും റഷീദ് ആശുപത്രിയിലായിരുന്നു ചികിത്സ നൽകിയത്. ഇത് വളരെ അപൂർവ്വമായ ഒരി കേസായിരുന്നു. കഫറ്റീരിയയിൽ ചായകുടിച്ച തൊഴിലാളികൾ കുതിരലായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മയങ്ങി വീഴുകയായിരുന്നു. ജോലിക്കാരുടെ ശരീരത്തിൽ നിന്ന് 112ഓളം സാമ്പിളുകൾ ശേഖരിച്ചിരുന്നു. കൂടാതെ വാട്ടർ ടാങ്ക്, പാൽ, ചായപ്പാത്രം, എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ വിഷമയമുള്ള ഒരു പദാർത്ഥങ്ങളും ഇതിൽ നിന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവം നടക്കുന്നതിന് മൂന്നാഴ്ചകൾക്ക് മുൻപ് കുതിരലായത്തിൽ നിന്ന് വേദനസംഹാരിയുടെ ഒരു ബോട്ടിൽ നഷ്ടമായിരുന്നു. എന്നാൽ ഇക്കാര്യം ആരും അധികൃതരെ അറിയിച്ചില്ലെന്നും എബ്തിസാം അൽ അബ്ദോലി കൂട്ടിച്ചേർത്തു. കുതിരകൾക്ക് നൽകാനായി എത്തിച്ച വേദനസംഹാരി ഉറുഗ്വേയിൽ നിന്നാണ് എത്തിച്ചതാണെന്ന് കുതിരലായത്തിലെ ഡോക്ടർ പറഞ്ഞു.