arunachal-pradesh-bjp

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 25 നേതാക്കൾ പാർട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എൽ.എമാരും അടക്കം 18 പേർ ഇന്ന് മാത്രം പാർട്ടി ബന്ധം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട ഇവർ കോൺറാഡ് സാംഗ്‌മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജർപും ഗംഭീൻ, ആഭ്യന്തരമന്ത്രി കുമാർ വായി, ടൂറിസം മന്ത്രി ജർകാർ ഗാംലിൻ എന്നിവരും ആറ് എം.എൽ.എമാരുമാണ് ഇന്ന് പാർട്ടി വിട്ടത്. എൻ.ഡി.എയെ പിന്തുണക്കുന്ന നോർത്ത് ഈസ്‌റ്റ് അലയൻസിലെ അംഗമായിരുന്ന എൻ.പി.പി പിന്നീട് പിന്നീട് സഖ്യം വിട്ടു. 60 അംഗ നിയമസഭയിൽ 30 മുതൽ 40 സീറ്റുകളിൽ മത്സരിക്കാനാണ് എൻ.പി.പിയുടെ തീരുമാനം. ഏപ്രിൽ 16നാണ് അരുണാചലിൽ വോട്ടെടുപ്പ്.

അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുൻവർഷത്തെ പോലെ ബി.ജെ.പിക്ക് ഇതുവരെ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കോൺറാഡ് സാംഗ്‌മയുടെ എൻ.പി.പിയും സിക്കിമിലെ എസ്.കെ.എമ്മും ബി.ജെ.പി ബാന്ധവം ഉപേക്ഷിച്ചിരുന്നു. അതേസമയം, കോൺഗ്രസിലേതിന് സമാനമായ കുടുംബാധിപത്യം തന്നെയാണ് ബി.ജെ.പിയും നടപ്പിലാക്കുന്നതെന്ന് പാർട്ടിയിൽ നിന്നും രാജിവച്ചവർ ആരോപിച്ചു. കുടുംബ വാഴ്‌ചയെ പരിഹസിക്കുന്ന ബി.ജെ.പി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കുമാർ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാർട്ടി, വ്യക്തികൾ പിന്നീടേ വരൂ എന്നു പഞ്ഞ ബി.ജെ.പി യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് അതിന് വിപരീതമായാണ്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കൾക്കാണ് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.