ഇന്നലെ പുലർച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയിൽ 20 അംഗങ്ങളുടെ പിന്തുണ നേടിയാണ് ബി.ജെ.പി സർക്കാർ ആദ്യ കടമ്പ പിന്നിട്ടത്. 21 പേരുടെ പിന്തുണ സർക്കാരിനുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. പ്രോടെം സ്പീക്കർ മൈക്കൽ ലോബോ വോട്ട് ചെയ്‌തില്ല. കോൺഗ്രസിന് 14 പേരുടെ പിന്തുണ ലഭിച്ചു. ചില അംഗങ്ങൾ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എൻ.സി.പി അംഗങ്ങളുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചു.
അതേസമയം, മനോഹർ പരീകർക്കു ശേഷം ഗോവയിൽ ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പാക്കിയത് 28 മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു. ആർ.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചിരുന്നില്ല. ഒടുവിൽ, ഒട്ടേറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അമിത് ഷാ ഇടപെട്ട് രണ്ട് ഉപമുഖ്യമന്ത്രി പദം അംഗീകരിച്ചപ്പോഴേക്കും തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞിരുന്നു. സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനിൽ എത്തുന്നത് രാത്രി 12.30ഓടെ. നടപടികൾ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് അർദ്ധരാത്രിക്കു ശേഷം ഒരു സർക്കാർ അധികാരമേറ്റത്. മുഖ്യമന്ത്രിയായി സാവന്തും ഉപമുഖ്യമന്ത്രിമാരായി ധാവലിക്കറും സർദേശായിയും സത്യപ്രതിജ്ഞ ചെയ്തു.