വേലായുധൻ മാസ്റ്റർ മൂക്കു വിടർത്തി ശ്വാസം വലിച്ചെടുത്തു.
അതെ. തന്റെ സംശയമല്ല!
പെട്രോളിന്റെ രൂക്ഷ ഗന്ധം...
മാത്രമല്ല സ്കോർപിയോയുടെ വെളിച്ചത്തിൽ മാസ്റ്റർ കണ്ടു. നോബിളിന്റെ ശരീരം നനഞ്ഞിരിക്കുന്നു!
ഇവൻ പെട്രോളിൽ കുളിച്ചു നിൽക്കുകയാണ്!
''മോനേ.. എന്താടാ ഇത്?
ആരാ ഇങ്ങനെ ചെയ്തത്?" ഒറ്റശ്വാസത്തിൽ അയാൾ തിരക്കി.
നോബിൾ മെല്ലെ മുഖമുയർത്തി.
''എന്നെ രാഷ്ട്രീയക്കാരൻ ആക്കണമെന്ന് ഞാൻ നിങ്ങളോടു പറഞ്ഞോ? അതിനുവേണ്ടി ഒരു നിരപരാധിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ടോ?"
''മോനേ... ഞാൻ..." അയാൾ പരുങ്ങി. ''നീ വാ... ഒക്കെ പിന്നീട് വിശദമായി പറയാം. എത്രയും വേഗം നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം."
അയാൾ കൈ നീട്ടി.
നോബിൾ തല കുടഞ്ഞു. അപ്പോൾ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ പോലെ പെട്രോൾ ചിതറി.
മാസ്റ്റർ കണ്ടു...
മകന്റെ തലയ്ക്കു മുകളിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഒരു കന്നാസ്. അതിന്റെ ചുവട്ടിൽ ഉണ്ടാക്കിയിരിക്കുന്ന സുഷിരത്തിലൂടെ അപ്പോഴും അവന്റെ ശിരസ്സിലേക്ക് പെട്രോൾ ഇറ്റു വീഴുന്നു.
''ഇങ്ങോട്ടു മാറെടാ ഇതിന്റെ ചുവട്ടിൽ നിന്ന്."
മാസ്റ്റർ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. പക്ഷേ നോബിളിന് ഒരിഞ്ചുപോലും നീങ്ങാൻ കഴിഞ്ഞില്ല...
മാസ്റ്റർ അറിഞ്ഞു...
നോബിളിനെ കട്ടികുറഞ്ഞ കമ്പി കൊണ്ട് മരത്തോടുചേർത്ത് കെട്ടിയിരിക്കുകയാണ്.
''ബഹുമാന്യനായ മുൻ മുഖ്യമന്ത്രീ..." അടുത്ത നിമിഷം ഇരുട്ടിൽ നിന്ന് ഒരു സ്ത്രീ സ്വരം കേട്ടു.
മാസ്റ്റർ വെട്ടിത്തിരിഞ്ഞു.
ആരെയും കണ്ടില്ല.
സ്കോർപിയോയ്ക്കു പിന്നിലെ ഇരുട്ടിൽ നിന്നാണ് ആ ശബ്ദം കേട്ടതെന്നു വ്യക്തം.
''നീ ആരാടീ. വെളിച്ചത്തിലേക്കു വാ..."
മാസ്റ്റർ പെട്ടെന്ന് ഒരു റിവോൾവർ വലിച്ചെടുത്തു.
ഇരുളിൽ നിന്ന് ചിരി കേട്ടു.
''ഞാൻ വരും. തന്റെ മുന്നിലേക്ക്. തന്റെ മരണത്തിനു തൊട്ടു മുൻപുള്ള നിമിഷത്തിൽ. സ്വന്തം താൽപ്പര്യത്തിനു വേണ്ടി കൊന്നും കൊല്ലിച്ചും മദിച്ചു നടന്ന തന്റെ അവസാന ശ്വാസത്തിനു മുൻപ്.
എന്നാൽ അതിനു മുൻപ് താൻ അറിയണം.... സ്വന്തം ചോര കൺമുന്നിൽ പിടഞ്ഞു വീഴുമ്പോൾ ഉണ്ടാകുന്ന മാനസിക ആഘാതം."
ശബ്ദം കേട്ട ഭാഗത്തേക്ക് മാസ്റ്റർ റിവോൾവർ ചൂണ്ടി.
അപ്പോൾ മറ്റൊരു ഭാഗത്തു നിന്ന് സ്ത്രീ സ്വരം....
''തനിക്കെന്താടോ മരിക്കാൻ പേടിയാണോ? കാലന്റെ കണക്കു പുസ്തകത്തിൽ പോലും ആയുസ്സു തീർന്നു പോയ താൻ ഇനി എങ്ങനെ ജീവിച്ചിരിക്കും?"
മാസ്റ്റർ അവിടേക്കും തിരിഞ്ഞ് റിവോൾവർ ചൂണ്ടി.
ഉടൻ മൂന്നാമത് ഒരിടത്തു നിന്നായി സ്ത്രീശബ്ദം.
'' ആ റിവോൾവറിലെ ബുള്ളറ്റുകൾ മുഴുവൻ ചുറ്റും വെടിവച്ച് തീർത്താലും തനിക്ക് എന്നെ തൊടാൻ പറ്റത്തില്ല..."
മാസ്റ്റർക്ക് തല മരവിക്കുന്നതുപോലെ തോന്നി.
സംസാരിക്കുന്നത് ഒരാളോ അതോ പലരോ? വ്യക്തമാകുന്നില്ല.
അതു തന്നെയായിരുന്നു വിജയ ആവിഷ്കരിച്ച തന്ത്രവും. തന്റെ സബോഡിനേറ്റ്സിനെ പലയിടത്തും നിർത്തുക.
സത്യത്തിനും മിഥ്യയ്ക്കുമിടയിൽ വേലായുധൻ മാസ്റ്ററെ പരിഭ്രാന്തനാക്കുക...
''ചുണയുണ്ടെങ്കിൽ നീ വെളിച്ചത്തിലേക്കു വാടീ..."
മാസ്റ്റർ ഭീഷണിപ്പെടുത്തി.
''ചുണയുള്ളതുകൊണ്ടാണല്ലോ തന്നെ ഇവിടെവരെ എത്തിച്ചത്?"
''നിനക്ക് എന്തുവേണം?"
മാസ്റ്ററിൽ അസ്വസ്ഥത പുകഞ്ഞു.
''ജീവൻ നിന്റെയും നിന്റെ മകന്റെയും.
ഇവിടെ പിടഞ്ഞുവീണു മരിച്ച ഒരു പാവം യുവാവിന്റെ പ്രാണനു പകരമായിട്ട് ... ഒരുപാട് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് നിത്യശാന്തിക്കു വേണ്ടിയിട്ട് അതിനുവേണ്ടി മാസ്റ്ററേ.. താനും തന്റെ ജാര സന്തതിയും ഇന്ന് ഇവിടെ സ്വന്തം പ്രാണൻ ഉപേക്ഷിച്ചേ മതിയാകൂ.."
''മനസ്സില്ലെടീ..."
മാസ്റ്റർ ചുറ്റും നോക്കിക്കൊണ്ടിരുന്നു.
''പിന്നെ ഒന്നു തൊടാൻ പോലും നിനക്കാവില്ല.... "
അയാൾ കരുതലോടെ നിന്നുകൊണ്ട് കടപ്പല്ലു ഞെരിച്ചു.
''എങ്കിൽ അതുതന്നെ അറിയാം ആദ്യം."
പറഞ്ഞതും കുറച്ചകലെ ഇരുളിൽ ഒരു ലൈറ്റർ തെളിഞ്ഞു.
മാസ്റ്റർ അവിടേക്കു നിറയൊഴിക്കാൻ ഭാവിച്ചു.
എന്നാൽ.....
നേർരേഖ കണക്കെ ഒരു തീപ്പാമ്പ് ഓടി വരുന്നതാണു കണ്ടത്...
പാഞ്ഞുവന്നെത്തിയ തീ നേരെ മുകളിലേക്കു പാഞ്ഞുകയറി... നോബിളിന്റെ ശരീരത്തിലേക്ക്...
[തുടരും]