നാല് വയസ് മാത്രമുള്ളപ്പോൾ അമ്മയുടേയും അച്ഛന്റേയും അടുത്തു നിന്നു അടർത്തി മാറ്റുന്ന കുട്ടികൾ. അവരെ സ്‌കൂളിലയക്കാനായി കൊണ്ടു പോവുകയാണ്. പന്ത്രണ്ട് വർഷം അവർ അവരുടെ അച്ഛനമ്മമാരെ കാണില്ല. പലരും പിന്നീടൊരിക്കലും അവരുടെ അച്ഛനമ്മമാരക്കണ്ടന്നു തന്നെ വരില്ല. ഈ ഭൂമുഖത്തിന്റെ മേൽക്കൂരയെന്ന് വിളിക്കുന്ന നേപാളിലെ കുട്ടികളുടെ കഥയാണ്.
ഇവർ ഇവരുടെ അമ്മയെയും അച്ഛനെയും കാണാൻ 12 വർഷങ്ങൾക്കു ശേഷം അവരുടെ വീടുകളിലേക്കു പോകുന്നതാണ് Children of the snow land എന്ന ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം ഈ ആഴ്ച ലണ്ടനിൽ വച്ച് കണ്ടു. നാല് കുട്ടികൾ അവരുടെ അച്ഛനമ്മമാരെക്കാണാൻ അതി മനോഹരമായ ഹിമാലയ പർവതത്തിന്റെ ഏറ്റവും അപകടം പതിയിരിക്കുന്ന പ്രദേശങ്ങളിലൂടെ ദിവസങ്ങളോളം നടന്നു അഗാധതയിലേക്ക് ഉന്തി നിൽക്കുന്ന മലന്ച്ചരിവുകളും കടന്നു പോകാനാവാത്ത മഞ്ഞു മലകളും കഴിഞ്ഞു പോവുകയാണ്. ഈ ഭൂമിയിൽ മനുഷ്യ വാസമുള്ള ഏറ്റവും ഉയർന്ന പ്രദേശം അതാണവരുടെ ജന്മ ദേശം.
തങ്ങൾ കടന്നു വന്ന പർവത നിരകളുടെ അപകടം ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം മറികടന്നു സ്വന്തം വീടുകളിൽ എത്തുമ്പോൾ വികാര വിക്ഷോഭത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ് ഈ കുട്ടികൾ. അവർ അവിടെ പലതും കാണുന്നു, അതൊക്കെ കാണികളുമായി പങ്കു വയ്ക്കുന്നു ; ഒരു ഡയറിക്കുറിപ്പ് പോലെ. കൂടുതലും സ്ത്രീകൾ അധ്വാനിക്കുന്നതും പുരുഷന്മാർ സൊറ പറഞ്ഞിരുന്നു സമയം കൊല്ലുന്നതും അവർ ശ്രദ്ധിക്കുന്നു.
മല നിരകളിറങ്ങി തിരിച്ചിവർ മടങ്ങിയെത്തുന്നതോ 2015 ലെ ഭൂമി കുലുക്കം നാശം വിതച്ച കാട്ട്മണ്ടുവിലെ അവരുടെ സ്‌കൂളിലേക്കും. കാണികളെ പിടിച്ചുലയ്ക്കുന്ന ചിത്രമാണ്, ജീവിതമാണ് അഭ്രപാളികളിലേക്ക് പകരുന്നത്. മിക്കപ്പോഴും കുട്ടികൾ തന്നെ സ്വയം ചെറിയ ഗോപ്രോ ക്യാമറയിലും മറ്റും റെക്കോര്ഡ് ചെയ്തതാണ് അവരുടെ സ്വന്തം ജീവിത കഥ. 'ചുവരിലെ പക്കിയുടെ' ആ ഇടപെടൽ വീക്ഷണം അങ്ങനെ ഒഴിവാകുന്നു.
ചിത്രത്തിന്റെ നിർമ്മിതിയിലെ കുട്ടികളുടെ പങ്കു ചേരൽ അതൊരു വലിയ സഹകരണമാണ്. സാധാരണ നിർധനരായ ആളുകളുടെ ഇടയിലേക്ക്, കരിമ്പിൻ തോട്ടത്തിലെ ആനയെപ്പോലെ ഇറങ്ങുന്നവരല്ല ഈ ചിത്രത്തിനു പിന്നിലുള്ളത് എന്നത് നല്ലൊരു സമീപനം തന്നെ. ബുദ്ധ സന്യാസികൾ നടത്തുന്ന 'സ്‌നോ ലാന്ഡ്' എന്ന കാട്മണ്ടുവിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർന്നും അവരുടെ അച്ഛനമ്മമാരെക്കാണാനുള്ള ഭാരിച്ച ചെലവു – ആദ്യം പ്ലയ്നിലും ദിവസങ്ങളോളം നടന്നും എത്താൻ ഒരാൾക്ക് 2000 ഡോളർ വേണ്ടി വരും സ്വരൂപിക്കാൻ ഫണ്ട് ശേഖരിക്കുകയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. കാലക്രമേണ അവരുടെ നാട്ടിൽ തന്നെ ഒരു സ്‌കൂൾ എന്ന കാര്യവും അവർ സംസാരിച്ചു, അതൊരു വിദൂര സ്വപ്നം ആണെങ്കിലും.
ഈ കുട്ടികളിൽ മൂന്നു പേരും ലണ്ടനിലെ സ്‌ക്രീനിങ്ങിൽ പങ്കെടുത്തു, ചർച്ചയിൽ സജീവമായി. സംവിധായകരും നിർമ്മാതാക്കളുമായ മാർക്കസ് സ്ടീഫന്സനും, സാറാ ബാല്‌ഫോറും പർവതങ്ങൾക്കും ഭൂഖണ്ടങ്ങൾക്കും ആപ്പുറത്തെ ജീവിതം പുറം ലോകത്തേക്ക് എത്തിക്കുന്നു, ഈ കുട്ടികളോടും അവരുടെ ജീവിതത്തോടും തികഞ്ഞ ആദരവ്കാട്ടിക്കൊണ്ട് തന്നെ.