വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. വൈറസ് ബാധയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പ്രധാന പ്രതിവിധി. രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ശരീരത്തിലെ താപനില വർദ്ധിപ്പിക്കാതിരിക്കുന്ന വിധത്തിൽ ആഹാരവും ശീലവും ക്രമീകരിക്കുക. നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവൃത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയവയാണ് ആയുർവേദം വിധിക്കുന്ന പരിഹാരമാർഗങ്ങൾ.
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എരിവും, പുളിയും, ചൂടും ധാരാളം ഉപയോഗിക്കുക, മസാല, നോൺവെജ്,കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട ,കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം, വിശപ്പ് അറിയാതെയുള്ള ഭക്ഷണം, വെയിൽ കൊള്ളുക തുടങ്ങിയവ ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ചെറിയൊരു ജലദോഷപ്പനിയായിട്ട് ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ,ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും. ചുവന്ന സ്പോട്ടുകൾ ക്രമേണ വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകളായി മാറും.ദേഹം മുഴുവനും ഉണ്ടാകുമെങ്കിലും മുഖത്തും നെഞ്ചിലും ആയിരിക്കും ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.