ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിനൊപ്പം മിക്കപ്പോഴും കാണുന്ന ചെറുപ്പക്കാരൻ ആരാണെന്നറിയാൻ പാപ്പരാസികൾ പെട്ട പാട് ചില്ലറയല്ല. അറിഞ്ഞപ്പോഴാണ് കക്ഷി ചില്ലറക്കാരനല്ലെന്ന് വ്യക്തമായത്.
മേഗന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കാനഡക്കാരനായ ഇൗ നാൽപ്പത്തൊന്നുകാരൻ. പേര് മാർക്കെഡ് ആൻഡേഴ്സൺ. ഹാരി കഴിഞ്ഞാൽ മേഗന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നയാളാണ് ഇൗ ഒന്റാേവിയോ സ്വദേശി. ഇവർ തമ്മിലുള്ള അടുപ്പത്തിൽ ഹാരിക്ക് സംശയം അശേഷം ഇല്ല.
പതിനെട്ടാം വയസിൽ സ്വന്തം നാടുവിട്ട് ലണ്ടനിൽ എത്തിയ മാർക്കെഡ് ഒരു വെയിറ്ററായിട്ടാണ് ജീവിതം തുടങ്ങുന്നത്. 2011ലാണ് മാർക്കെഡും മേഗനും ആദ്യമായി കണ്ടുമുട്ടിയത്. ആരുമായും എളുപ്പത്തിൽ അടുക്കാൻ പ്രത്യേക കഴിവുള്ള മാർക്കെഡ് കുറഞ്ഞ സമയം കൊണ്ടുതന്നെ മേഗനുമായി നന്നായി അടുത്തു. ഇതിനൊപ്പം അയാൾ നിരവധി സെലിബ്രിറ്റികളുമായി അടുപ്പത്തിലായി. ഇവരെയൊക്കെ മേഗന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
അതോടെ അടുപ്പം കൂടുതൽ ദൃഢമായി. ഹാരി -മേഗൻ ബന്ധം ഉറപ്പിക്കാൻ പ്രധാന പങ്കുവഹിച്ചതും മാർക്കെഡ് തന്നെയായിരുന്നു. അടുത്തിടെ ന്യൂയോർക്കിലെ ഹോട്ടലിൽ മേഗൻ അടിപൊളി ബേബിഷവർ നടത്തിയപ്പോൾ പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചതും മാർക്കെഡ് ആയിരുന്നു. മേഗന്റെ വിവാദനായികയായ പുതിയ പ്രസ് ചീഫ് സാറാ ലതാമിനെ നിർദ്ദേശിച്ചതും മാർക്കെഡ് ആയിരുന്നു. ഇതിനെത്തുടർന്നാണ് പാപ്പരാസികൾ അന്വേഷണമാരംഭിച്ചത്.
ഹാരിക്കുപോലും അറിയാത്ത മേഗന്റെ പലരഹസ്യങ്ങളും മാർക്കെഡിന് അറിയാമെന്നാണ് പാപ്പരാസികൾ പറയുന്നത്. അതിനാലാണ് മേഗൻ മാർക്കെഡിനെ പിണക്കാതെ കൊണ്ടുനടക്കുന്നത്. ഇത്രയ്ക്ക് ബന്ധം ദൃഢമായതിനാൽ ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടാകുമെന്നാണ് പാപ്പരാസികളുടെ പ്രതീക്ഷ. ഇതുകണ്ടുപിടിക്കാൻ ഇരുവരുടെയും പുറകേ വിടാതെ കൂടിയിരിക്കുകയാണ് അവർ.