ബീജിംഗ്: ഭാര്യയും ഭർത്താവും തമ്മിൽ നടുറോഡിൽ മുട്ടൻ വഴക്ക്. ഒടുവിൽ ഇരുവരും രണ്ടുവഴിക്കായി. അപ്പോൾ ഭർത്താവിനൊരു ആഗ്രഹം. വഴക്കുകൂടിയെങ്കിലും ഭാര്യയ്ക്ക് തന്നോട് സ്നേഹം ഉണ്ടോ എന്ന് അറിയണം. ഇതിനായി നടു റോഡിൽ കയറി നിന്ന് കക്ഷി പരീക്ഷണവും നടത്തി. പക്ഷേ, പണി അപ്പടി പാളി. പാഞ്ഞുവന്ന കാറിനടിയിൽപ്പെട്ട യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ തകർത്തോടുകയാണ്.
ചൈനയിലെ ഷിൻജിയാംഗ് പ്രവശ്യയിലാണ് സംഭവം. യുവാവും ഭാര്യയും രാത്രിയിൽ റോഡുവക്കിൽ നിന്നാണ് വഴക്കിട്ടത്. തുടർന്നാണ് ഇയാൾ റോഡിനു നടുവിലേക്ക് കയറി നിന്ന് പരീക്ഷണം നടത്തിയത്.ആദ്യമൊന്നും മൈൻഡുചെയ്തില്ലെങ്കിലും പ്രശ്നം ഗുരുതരമാകുമെന്ന് ബോധ്യപ്പെട്ടതോടെ ഭർത്താവിനെ റോഡിനുനടുവിൽ നിന്ന് മാറ്റാൻ യുവതി ശ്രമിച്ചുതുടങ്ങി. പിടിച്ചുവലിച്ച് റോഡുവക്കത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ മാറാൻ ഭർത്താവ് തയാറായില്ല. റോഡിന് നടുവിൽ നിന്ന് അയാളെ പാഞ്ഞെത്തിയ ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് ഭാര്യ ഒാടുന്നതും വീഡിയോയിലുണ്ട്.നെഞ്ചിലും തലയിലും പരിക്കേറ്റ ഭർത്താവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഭാര്യയുടെ സ്നേഹം പരീക്ഷിക്കാനാണ് താൻ റോഡിൽ കയറി നിന്നതെന്നും സ്നേഹമുണ്ടെങ്കിൽ ഭാര്യ തന്നെ പിടിച്ചു വലിച്ചു രക്ഷപെടുത്തുമെന്ന് കരുതിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അപകടം നടക്കുമ്പോൾ യുവാവ് നന്നായി മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു.