nirav-modi

ലണ്ടൻ: ബാങ്ക് വായ്‌പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. നീരവ് മോദിയെ വിട്ടുകിട്ടണെമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയിലാണ് നടപടി. ഇന്നുതന്നെ നീരവ് മോദിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എൻഫോഴ്സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എൻഫോഴ്സ്‌മെന്റിന്റെ ആവശ്യം.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയത്. കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ യു.കെ ഇന്ത്യയ്‌ക്കു കൈമാറും. ഉത്തരവിനെതിരെ നീരവിന് അപ്പീൽ പോകാൻ സാധിക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടനിൽ ജോലി ചെയ്യാനും, ഓൺലൈൻ പണമിടപാടുകൾ നടത്താനും ആവശ്യമായ നാഷണൽ ഇൻഷുറൻസ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നു.