ജക്കാർത്ത: പ്രണയത്തകർച്ച അസഹനീയമാണ്. അത് അനുഭവിച്ചവർക്കേ അറിയൂ. അതിന്റെ വിഷമം അതിജീവിക്കുക അതിലേറെ കടുപ്പമാണ്.ചില ബന്ധങ്ങൾ അടിച്ചു പിരിഞ്ഞാൽ കാമുകീ കാമുകന്മാരെ കൊടിയ ശത്രുക്കളാക്കി മാറ്റും. ഇത്തരത്തിലൊരു കാമുകനാണ് ഇൻഡോനേഷ്യക്കാരനായ ഇൗ യുവാവ്.
വഞ്ചിച്ച കാമുകിയുമായി തെറ്റിപ്പിരിഞ്ഞ അയാൾ കാമുകിയുടെ ചിത്രവും പേരും ചേർത്ത കൂറ്റൻ പരസ്യം തെരുവിൽ സ്ഥാപിച്ചാണ് പകരം വീട്ടിയത്. വേറിട്ട പ്രതികാരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നാട്ടാർ മുഴുവൻ അറിയുകയും ചെയ്തു. ചിരിച്ചുകൊണ്ട് നിൽക്കുന്ന മുൻ കാമുകിയുടെ ചിത്രത്തിനൊപ്പം. ‘നീ എന്റെ ഹൃദയം തകർത്തു. നീ എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്കപ്പ് വേണം’ എന്ന് എഴുതിയിരുന്നു.
ബോർഡ് സ്ഥാപിച്ചതിന് തൊട്ടു പിന്നാലെ മെഗാഫോണുമായി റോഡിലിറങ്ങിയ യുവാവ് മുൻ കാമുകിയുടെ ചെയ്തികൾ ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. കാമുകിയെ പരമാവധി നാറ്റിക്കുകയായിരുന്നു ലക്ഷ്യം. മുൻ കാമുകി നെറികെട്ടവളാണെന്നും സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അവളെ ഒരിക്കലും പ്രണയിക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു.യുവാവിന്റെ പ്രവൃത്തിയെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.