മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കടുത്ത വിമർശവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്.ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തുപിടിച്ച സഖാവ് വി.എസിനെ മുന്നിൽ നിർത്തിയാണ് സി.പി.എം വോട്ട് ചോദിച്ചത്. ജയിച്ചപ്പോൾ ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച നേതാവിനെ മുഖ്യമന്ത്രിയാക്കി നാട്ടുകാരെ ഇളിഭ്യരാക്കി. കുലംകുത്തിവിളിയുടെ നേതാവ് പുതിയ ഇമേജ് ബിൽഡിംഗ് തുടങ്ങി പ്രളയവും ശബരിമലയും നന്നായി ഉപയോഗിച്ച് ആ ഇമേജ് നന്നായിതന്നെ പടുത്തുയർത്തി തുടങ്ങി വിമർശന ശരങ്ങളാണ് സനൽകുമാർ ശശിധരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്. കൂടാതെ വടകരയിൽ, അക്രമത്തിന്റെ ആണിക്കല്ലെന്ന് ആരോപണമുയരുന്ന ജയരാജനെ കൊണ്ടുനിറുത്തി ജനാധിപത്യ വിരുദ്ധത പരീക്ഷിക്കുകയാണ് സി.പി.എം എന്നും സനൽ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'എതിരഭിപ്രായങ്ങളെ സംഘംചേർന്ന് അടിച്ചമർത്തുന്ന അക്രമരാഷ്ട്രീയം അവസാനിക്കണം. ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ നിഴൽ സി പിഎമ്മിനെ ഒരിക്കലും വിട്ടുപോകുകയില്ല. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിൽ ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തുപിടിച്ച സഖാവ് വി എസിനെ മുന്നിൽ നിർത്തിയാണ് സി പി എം വോട്ട് ചോദിച്ചത്. ജയിച്ചപ്പോൾ ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച നേതാവിനെ മുഖ്യമന്ത്രിയാക്കി നാട്ടുകാരെ ഇളിഭ്യരാക്കി. കുലംകുത്തിവിളിയുടെ നേതാവ് പുതിയ ഇമേജ് ബിൽഡിംഗ് തുടങ്ങി പ്രളയവും ശബരിമലയും നന്നായി ഉപയോഗിച്ച് ആ ഇമേജ് നന്നായിതന്നെ പടുത്തുയർത്തി. അതിനിടയിൽ കൊലപാതകം നടത്തുന്ന ആസൂത്രണം ചെയ്യുന്ന, പാർട്ടിക്ക് വേണ്ടപ്പെട്ട, കുറ്റവാളിയെന്ന് കോടതി ശിക്ഷിച്ചവരെയും കുറ്റാരോപിതരെയും ഒക്കെ ഒരു മറയുമില്ലാതെ സഹായിച്ചു. ഇമേജ് ബിൽഡ് ചെയ്തു കഴിഞ്ഞു എന്നും മേശക്കടിയിലൂടെ നടക്കുന്ന അധാർമികമായ ഇത്തരം സഹായങ്ങൾ ജനം കണ്ടില്ലെന്ന് നടിച്ചോളും എന്ന തെറ്റിദ്ധാരണയുടെ ഹുങ്കിലാണ് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഒക്കെ ആണിക്കല്ലെന്ന് പരക്കെ ആരോപണമുയരുന്ന പി ജയരാജനെ വടകരയിൽ തന്നെ കൊണ്ടു നിർത്തി ഒരു വലിയ രാഷ്ട്രീയ പരീക്ഷണത്തിന് സി പിഎം മുതിരുന്നത്. ആരോപണങ്ങളോ പോലീസ് കേസുകളോ സിബിഐ അന്വേഷണമോ എന്തുതന്നെ വന്നാലും അതൊന്നും ജനങ്ങൾ വിശ്വസിക്കരുത് പാർട്ടി പറയുന്നത് എന്താണോ അതാണ് ശരിയെന്നുമാത്രം വിശ്വസിച്ചുകൊള്ളണം എന്ന ജനാധിപത്യവിരുദ്ധതയെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യം. പിജയരാജൻ നിരപരാധിയാണെന്ന് പാർട്ടി പറഞ്ഞാൽ നിരപരാധിയാണ്. പാർട്ടിയാണ് ഇനി മുതൽ ശരിതെറ്റുകൾ നിശ്ചയിക്കുക എന്ന ഇടതുപക്ഷമല്ലാത്ത കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഈ പരീക്ഷണത്തിൽ വിജയിക്കാൻ പാടില്ല എന്നു തന്നെ വിശ്വസിക്കുന്നു. കുലം കുത്തിയെന്നും ആസ്ഥാനവിധവയെന്നുമൊക്കെ സിപിഎം അക്രമോൽസുകമായി ആക്ഷേപിക്കുന്ന ആളുകളാണ് ആർഎംപിയുടെ നേതാക്കൾ അവർ കോൺഗ്രസിനു പിന്തുണ കൊടുക്കുന്നതോടെ അവരുടെ രാഷ്ട്രീയ സംശുദ്ധി ഇല്ലാതായി പോവുമത്രേ.. എന്തൊരു മഹാമനസ്‌കത. സംശുദ്ധി നിലനിർത്താനാവും സ്ഥാപകനേതാവിനെ വെട്ടിയറഞ്ഞ് കൊന്നത്'.